നിപ ബാധിതന്റെ രക്തസാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് അയച്ചു; ഫലം ഉച്ചയോടെ ലഭിക്കും

By Web TeamFirst Published Jun 8, 2019, 9:50 AM IST
Highlights

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂനെയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. യുവാവ് ആരോഗ്യ നില വേഗത്തിൽ വീണ്ടെടുക്കുന്നുവെന്ന് ഡോക്ടര്‍മാർ.

കൊച്ചി: നിപ വൈറസ് ബാധയെ തുടർന്ന് കൊച്ചി ആസ്റ്റർ മെ‍ഡിസിറ്റിയിൽ ചികിത്സയിലുള്ള യുവാവിന്‍റെ രക്തവും ശ്രവങ്ങളും വീണ്ടും പരിശോധനയ്ക്ക് അയച്ചു. വൈറസ് സാന്നിധ്യം പൂർണ്ണമായും മാറിയോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന ഫലം ഉച്ചയോടെ ലഭിക്കും.

നിപ വൈറസ് ബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് ആരോഗ്യ നില വേഗത്തിൽ വീണ്ടെടുക്കുന്നുവെന്ന ആശ്വാസകരമായ വിവരങ്ങളാണ് ഡോക്ടര്‍മാർ പങ്കുവെക്കുന്നത്. ഇടയ്ക്കുള്ള പനി ഒഴിച്ചു നിർത്തിയാൽ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയുമായി സംസാരിക്കാൻ മെഡിക്കൽ ബോർഡ് യുവാവിനെ അനുവദിച്ചിട്ടുണ്ട്. ഭക്ഷണം സ്വന്തം നിലയിൽ കഴിക്കുന്നതടക്കം ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്നാണ് ആസ്റ്റർ മെഡിസ്റ്റിയിലെ ഡോക്ടർ ബോബി വർക്കി വ്യക്തമാക്കുന്നത്.

മൂന്ന് ദിവസം മുൻപ് നടത്തിയ രക്ത പരിശോധനയിൽ വൈറസ് സാന്നിധ്യം നെഗറ്റീവ് ആകുന്നതിന്‍റെ സൂചന ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് വ്യക്തമായാലും മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശ പ്രകരമായിരിക്കും തുടർനടപടികൾ. വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതിയ 318 പേരെ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും നേരിട്ടിടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.

click me!