
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്‍റെ സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കാൻ ധാരണ. ഇത്തവണ ആകാംക്ഷ തുടരുന്നത് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ മണ്ഡലത്തിലാണ്. പാലാ വിട്ട് പോയാൽ രാഷ്ട്രീയ ഒളിച്ചോട്ടമെന്ന വിമർശനം നേരിടേണ്ടി വരുമെന്നാണ് ജോസ് കെ. മാണിയുടെ വിലയിരുത്തൽ. അതിനാൽ പാലായിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട ജോസ് കെ.മാണി തന്നെ വീണ്ടും മത്സരിച്ചേക്കും. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ചീഫ് വിപ്പ് എൻ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ, അഞ്ച് എംഎൽഎമാരും രണ്ടില ചിഹ്നത്തിൽ വീണ്ടും ഇറങ്ങുമെന്ന് ഉറപ്പിച്ചു.
പാലാ അല്ലെങ്കിൽ കടുത്തുരുത്തിയിൽ ജോസ് കെ മാണി ഇറങ്ങണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്. കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മത്സരിച്ച സ്റ്റീഫൻ ജോർജ് ഇത്തവണ മത്സരിക്കാൻ സാധ്യതയില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മിയേയും കടുത്തുരുത്തിയിൽ പരിഗണിക്കുന്നുണ്ട്. പിറവത്തോ പെരുമ്പാവൂരിലോ ജോണി നെല്ലൂർ സ്ഥാനാർത്ഥിയാകും. ചാലക്കുടി, ഇരിക്കൂർ മണ്ഡലങ്ങൾക്ക് പകരം മറ്റേതെങ്കിലും കിട്ടിയാലും കേരള കോൺഗ്രസ് എമ്മിന് സന്തോഷം. ആന്റണി രാജുവിന്‍റെ തിരുവനന്തപുരം സീറ്റിലും കേരള കോൺഗ്രസ് എമ്മിന് കണ്ണുണ്ട്. നിലവിൽ എൻസിപിയുടെ സിറ്റിങ്ങ് സീറ്റായ കുട്ടനാടും കേരള കോൺഗ്രസ് എം ആവശ്യപ്പെടും.
കഴിഞ്ഞ തവണ 13 സീറ്റാണ് കേരള കോൺഗ്രസ് എമ്മിന് കൊടുത്തത്. എന്നാൽ കുറ്റ്യാടി സീറ്റ് കൊടുത്തതിനെതിരെ സിപിഎം തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ 12 ഇടത്ത് മാത്രമാണ് കേരള കോൺഗ്രസ് എമ്മിന് മത്സരിക്കാൻ കഴിഞ്ഞത്. ഇത്തവണ കുറ്റ്യാടി ഇല്ലെങ്കിൽ മറ്റൊരു സീറ്റ് വേണമെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. കോഴിക്കോട് ജില്ലയിൽ സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ടി എം ജോസഫ് രംഗത്തെത്തിയിരുന്നു. ദിവസം കോട്ടയത്ത് ചേരുന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ സീറ്റുകൾ സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam