ദ്വീപ് നിവാസികളായ പ്രിയ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം; പോരാട്ടത്തിന് പിന്തുണ അറിയിച്ച് ജോസ് കെ മാണി

By Web TeamFirst Published May 26, 2021, 12:43 PM IST
Highlights

മൗലികാവകാശവും മനുഷ്യാവകാശവും ധ്വംസിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാവില്ല. അതു ജനാധിപത്യവാഴ്ച്ചക്ക് ഭൂഷണമല്ല. 

കൊച്ചി/കവരത്തി: ലക്ഷദ്വീപിലെ ജനസമൂഹത്തിന്റെ സമാധാനവും സ്വാതന്ത്യവും ദ്വീപിന്റെ സ്വസ്ഥതയും  തകര്‍ക്കുന്ന നടപടികളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം ആശങ്കയോടെയാണ് കാണുന്നതെന്ന് ജോസ് കെ മാണി. ദ്വീപ് ഭരണാധികാരിയുടെ ഓരോ നടപടികളും അത്യന്തം ആശങ്കയോടെയാണ് ഇവിടുത്തെ ജനത കാണുന്നതെന്നും ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു. മൗലികാവകാശവും മനുഷ്യാവകാശവും ധ്വംസിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാവില്ല. അതു ജനാധിപത്യവാഴ്ച്ചക്ക് ഭൂഷണമല്ല. നമ്മുടെ അയൽ ദ്വീപ സമൂഹത്തിലെ ഇത്തരം ഏകാധിപത്യ പ്രവണതകൾ ചെറുത്തു തോൽപ്പിക്കണം. ജോസ് കെ മാണി കുറിപ്പിൽ പറഞ്ഞു. ദ്വീപ് നിവാസികളുടെ പോരാട്ടത്തിന് പിന്തുണ അറിയിച്ചാണ് ജോസ് കെ. മാണി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ലക്ഷദ്വീപിലെ ജനസമൂഹത്തിന്റെ സമാധാനവും സ്വാതന്ത്യവും ദ്വീപിന്റെ സ്വസ്ഥതയും  തകര്‍ക്കുന്ന നടപടികളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അത്യന്തം ആശങ്കയോടെയാണ് കാണുന്നത്. നാളിതുവരെയായി ശാന്തിയുടെ കൂടീരമായിരുന്നു അലകടലിൻ്റെ അഴകായ ദ്വീപ്.  ഫെബ്രുവരി മുതലാണ് ഇവിടെ അശാന്തി വലയം ചെയ്തു തുടങ്ങിയത്. പുതിയ  ദ്വീപ് ഭരണാധികാരിയുടെ ഓരോ നടപടികളും സമാധാനപ്രിയരായ ജനത അതീവ ആശങ്കയോടെയാണ് കാണുന്നത്.  ജില്ലാ പഞ്ചായത്തിൻ്റെ അധികാരം വെട്ടിക്കുറയ്ക്കുകയും മദ്യവിരുദ്ധ മേഖലയായ ഇവിടെ അതിന് അനുവാദം നല്‍കുകയും ചെയ്തത് ആസൂത്രിതമായ ചില നീക്കങ്ങളുടെ ഭാഗമാണെന്ന് തന്നെയാണ്  വിമര്‍ശനം. നീതീ ന്യായ വ്യവസ്ഥയെ പോലും അട്ടിമറിക്കുന്നു. നിയമ സംവിധാനം കാറ്റിൽ പറത്തുന്നു.

കുറ്റകൃത്യം താരതമ്യേന തീരെ കുറഞ്ഞ ഇവിടെ ഗുണ്ട ആക്ട് നടപ്പാക്കുന്നു. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ വൻകിട റോഡ് പദ്ധതിക്ക് പരിപാടിയിടുന്നു. ഇതെല്ലാം അജണ്ട വ്യക്തമാക്കുന്നതാണ്.  ദ്വീപില്‍ സമാധാനവും ശാന്തിയും പുലരണം. മൗലികാവകാശവും മനുഷ്യാവകാശവും ധ്വംസിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാവില്ല. അതു ജനാധിപത്യവാഴ്ച്ചക്ക് ഭൂഷണമല്ല. നമ്മുടെ അയൽ ദ്വീപ സമൂഹത്തിലെ ഇത്തരം ഏകാധിപത്യ പ്രവണതകൾ ചെറുത്തു തോൽപ്പിക്കണം. തികച്ചും ജനാധിപത്യവിരുദ്ധ ഭരണ നടപടികളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണം. ദ്വീപ് നിവാസികളായ പ്രിയ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം. പോരാട്ടത്തിന് പിന്തുണ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 


 

click me!