
കോട്ടയം: പാലായിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിൽ രൂക്ഷമായ വാക്പോര്. മണ്ഡലത്തിലെ വികസന പദ്ധതികളെ ചൊല്ലിയാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടുന്നത്. എംഎൽഎ എന്ന നിലയിൽ മാണി സി കാപ്പൻ പരാജയമാണെന്ന് ജോസ് കെ മാണി വിമർശിക്കുമ്പോൾ ജോസ് കെ മാണിയെ വികസനം മുടക്കിയെന്ന് വിളിച്ച് തിരിച്ചടിക്കുകയാണ് മാണി സി കാപ്പൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്നെ പാലായിൽ കളമൊരുങ്ങി. കൊണ്ടും കൊടുത്തും ജോസും കാപ്പനും. കഴിഞ്ഞ തവണത്തെ പോരാട്ടം ആവർത്തിക്കുമെന്ന് ഉറപ്പ്. കെ എം മാണിയുടെ തട്ടകത്തിൽ കെ എം മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി കാപ്പനോട് തോറ്റത് ജോസ് കെ മാണിക്ക് രാഷ്ട്രീയ തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്. മാണി സി കാപ്പനെ ലക്ഷ്യം വച്ചുള്ള നീക്കം ജോസ് തുടങ്ങിയിട്ട് നാളേറെയായി. മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുകയാണ് ജോസ് കെ. മാണി. വികസന പദ്ധതികളോരൊന്നും എണ്ണിയെണ്ണിയാണ് ചോദ്യം ചെയ്യൽ.
ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പാലായിലെ സ്വീകരണമാകെ കാപ്പനെ ലക്ഷ്യമിട്ട് മാത്രമായിരുന്നു. വികസന വിഷയങ്ങളിലെ ജോസ് കെ മാണിയുടെ വിമർശനങ്ങൾക്ക് കാപ്പന്‍റെ മറുപടി ജോസിന് നേരെ വിരൽചൂണ്ടി തന്നെ കിട്ടാവുന്ന വേദികളെല്ലാം രണ്ട് പേരും ആരോപണ പ്രത്യാരോപണങ്ങൾക്ക് ഉപയോഗിക്കുകയാണ്.
"മാണി സാറിനോട് ഞാൻ മൂന്ന് തവണ തോറ്റു. അദ്ദേഹം ചെയ്യുന്ന ഒരു വികസനത്തിനും ഞാൻ തടസ്സം നിന്നിട്ടില്ല. ഇവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മുഴുവൻ വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ മാണിയാണ്"- എന്ന് മാണി സി കാപ്പൻ.
ജോസ് കെ മാണിയുടെ മറുപടി- "മാണി സാർ കൊണ്ടുവന്ന പദ്ധതിയുടെ 90 ശതമാനം തീർത്തു, 10 ശതമാനം തീർക്കാത്തതിന് കാരണം ജോസ് കെ മാണിയാ എന്ന് പറഞ്ഞാൽ എന്‍റെ അപ്പൻ 90 ശതമാനം തീർത്ത പദ്ധതിയെ ഞെരുക്കി കൊല്ലാൻ ഞാൻ ശ്രമിക്കുമോ?"
തെരഞ്ഞെടുപ്പ് അടുക്കും തോറും ഇനിയും വാക്കുകൾക്ക് മൂർച്ച കൂടും. സംസ്ഥാനമൊട്ടാകെ ആകാംക്ഷയുണ്ടാക്കുന്നതാകും ഇക്കുറി പാലായിലെ പ്രചരണവും തെരഞ്ഞെടുപ്പ് ഫലവും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam