പുതിയ ഇടയൻ: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി

Published : Mar 25, 2025, 10:15 PM IST
പുതിയ ഇടയൻ: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി

Synopsis

ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത യാക്കോബായ സഭയുടെ അധ്യക്ഷനായി അഭിഷിക്തനായി

തിരുവനന്തപുരം: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അച്ചാനെയിലുള്ള സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സ്ഥാനാരോഹണച്ചടങ്ങ് നടന്നത് ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ എന്ന സ്ഥാനപ്പേരാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്വീകരിച്ചത്.

എറണാകുളം മുളന്തുരുത്തി പെരുമ്പിള്ളി സ്രാമ്പിക്കൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ പത്തിനാണ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ജനനം. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരന് ജന്മനിയോഗമായിരുന്നു വൈദിക ജീവിതം. പതിമൂന്നാം വയസ്സിൽ ശെമ്മാശപ്പട്ടം നേടി. എറണാകുളം മഹാരാജസ് കോളേജ്, അയർലണ്ടിലും, യു എസിൽ നിന്നും ഉന്നത വിദ്യാഭ്യാസവും നേടി. 33 വയസ്സിൽ പാത്രിയാർക്കീസ് ബാവ തന്നെ ആണ് മെത്രാപൊലീത്തയായി വാഴിച്ചത്. തുടർന്ന് 30 വർഷക്കാലം സഭയുടെ ഭരണ സിരാകേന്ദ്രമായ പുത്തൻ കുരിശ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. കൊച്ചി ഭദ്രാസന മെത്രാപൊലീത്ത, 18 വർഷക്കാലം സുന്നഹദോസ് സെക്രട്ടറി, ഗൾഫ്, യൂറോപ്യൻ മേഖലകളിലും വിവിധ ഭദ്രാസനങ്ങളെ നയിച്ചു. 

സമാനതകളില്ലാത്ത പ്രതിസന്ധികൾക്കിടെയാണ് യാക്കോബായ സഭയുടെ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേൽക്കുന്നത്. സഭാ നേതൃത്വത്തിലെ ഈ തലമുറമാറ്റം പള്ളിത്തർക്കത്തിലടക്കം യാക്കോബായ സഭയുടെ മുൻ നിലപാടുകളെ സ്വാധീനിക്കുമോ എന്നതാണ് മറ്റ് ക്രൈസ്തവ സഭകൾ അടക്കം ഉറ്റുനോക്കുന്നത്. ഓർത്തഡോക്സ് സഭയുമായി പള്ളി തർക്കത്തിൽ സമവായ നീക്കങ്ങൾക്ക് തയ്യാറെന്ന ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നിലപാടിനെ പ്രതീക്ഷയോടെയാണ് സഭയും പൊതുസമൂഹവും നോക്കിക്കാണുന്നത്.

ആധ്യാത്മിക ജീവിതത്തിനൊപ്പം മികച്ച സംഘാടകൻ എന്നതു കൂടിയാണ് ജോസഫ് മാർ ഗ്രിഗോറിയോസിനെ സഭയുടെ ഭരണ ചുമതല ഏൽപിക്കാൻ അന്ത്യോഖ്യാ സിംഹാസനത്തെ പ്രേരിപ്പിച്ചത്. ക്ഷേമപ്രവർത്തനങ്ങളുടെ സൂത്രധാരൻ, സഭയ്ക്ക് പൊതുസമൂഹത്തിൽ മേൽവിലാസം നൽകിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരൻ, സഭയുടെ സാമൂഹിക രാഷ്ട്രീയ നിലപാട് തെളിമയോടെ പറയുന്ന നേതാവ് എന്നിങ്ങനെ പല തരത്തിൽ സ്വാധീനം ചെലുത്തിയ അദ്ദേഹത്തെ പുതിയ ഭാവിയിലേക്കുള്ള പ്രതീക്ഷയായാണ് സഭാ വിശ്വാസികൾ ഉറ്റുനോക്കുന്നത്.

വൈദികനായി അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് ഇദ്ദേഹം യാക്കോബായ സഭയുടെ കാതോലിക്കാ ബാവയായത്. തോമസ് പ്രഥമൻ ബാവ അനാരോഗ്യത്തെ തുടർന്ന് ഭരണ നിർവ്വഹണം ഒഴിഞ്ഞതോടെ 2019 മുതൽ ജോസഫ് മാർ ഗ്രിഗോറിയോസാണ് സഭയുടെ മെത്രാപ്പോളീത്തൻ ട്രസ്റ്റി. ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്കം കലുഷിതമായ മധ്യകേരളത്തിൽ സഭയെ ശക്തമായി മുന്നോട്ട് നയിച്ചതിനുള്ള അംഗീകാരമാണ് ജോസഫ് മാർ ഗ്രിഗോറിയോസിന് കാതോലിക്കാ ബാവ പദവി. വിട്ടുവീഴ്ചയ്ക്കും സമവായത്തിനും തയ്യാറായപ്പോഴും സഭ തർക്കത്തിൽ ഓർത്തഡോക്സ് സഭയോട് കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെ പൊരുതി തോറ്റ യാക്കോബായ സഭയ്ക്ക്, അതിജീവനത്തിന്റെ രാഷ്ട്രീയം കണിശതയോടെ പറഞ്ഞ് വലിയ ഇടയനുമായി ജോസഫ് മാർ ഗ്രിഗോറിയോസ്. വിശ്വാസ വൈദിക സമൂഹത്തെ ഒരേ പോലെ ചേർത്ത് നിർത്താനുള്ള നൈപുണ്യമാണ് സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസിന് ചുമതല നൽകാനുള്ള സിനഡ് തീരുമാനത്തിലേക്ക് നയിച്ചത്. തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ തന്റെ പിന്തുടർച്ച അവകാശിയായി നിർദ്ദേശിച്ചതും ജോസഫ് മാർ ഗ്രിഗോറിയോസിനെയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി