'വിജയരാഘവനെ ശക്തമായി വിമർശിച്ചത് തന്നെ വലിയ ശിക്ഷ'; രമ്യക്ക് എതിരെ ജോസഫൈൻ

By Web TeamFirst Published Oct 17, 2019, 4:41 PM IST
Highlights

വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്നും കമ്മീഷൻ പിരിച്ചു വിടണമെന്നും ആയിരുന്നു രമ്യാ ഹരിദാസിന്റെ വിമർശനം. ഫിറോസ് കുന്നുംപറമ്പിൽ യുവതിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തതിന് പിന്നാലെയായിരുന്നു രമ്യാ ഹരിദാസിന്റെ പ്രതികരണം.

തൃശ്ശൂർ: വനിതാ കമ്മീഷനെതിരായ രമ്യ ഹരിദാസിന്റെ വിമർശനത്തെ തള്ളി കമ്മീഷൻ അധ്യക്ഷ എം സി ജോസെഫൈൻ. രമ്യാ ഹരിദാസിനെതിരായ മോശം പരാമർശത്തിൽ എൽ‍ഡിഎഫ് കൺവീനർ എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷ ആണെന്നും ജോസഫൈൻ തൃശ്ശൂരിൽ പറഞ്ഞു. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കേസ് എടുത്തതാണെന്നും ജോസഫൈൻ വ്യക്തമാക്കി. 

വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്നും കമ്മീഷൻ പിരിച്ചു വിടണമെന്നും ആയിരുന്നു കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് നടത്തിയ വിമർശനം. ഫിറോസ് കുന്നുംപറമ്പിൽ യുവതിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തതിന് പിന്നാലെയായിരുന്നു ആലത്തൂർ എംപി രമ്യാ ഹരിദാസിന്റെ പ്രതികരണം. 

''അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനി മോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച മന്ത്രി ജി സുധാകരനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ തയ്യാറായില്ല. തനിക്കെതിരെ മോശം പരാമർശം നടത്തിയ എൽഡിഎഫ് കൺവീനറിനെതിരെയും കമ്മീഷൻ നടപടിയുണ്ടായില്ല. ആലത്തൂരിലേതിന് സമാനമായി അരൂരിലും സ്ത്രീകൾ ഇടതുപക്ഷത്തിന് മറുപടി നൽകു''മെന്നും ആയിരുന്നു രമ്യാ ഹരിദാസിന്റെ വിമർശനം. 

click me!