
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ശ്രീറാമിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളെത്തേക്കു മാറ്റി. കേസിൽ രാഷ്ട്രീയ - മാധ്യമ സമ്മർദ്ദമുണ്ടെന്ന് എന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം ശ്രീറാമിന് പ്രത്യേക പരിഗണന ആവശ്യമില്ലെന്നും സാധാരണ പ്രതിക്ക് കിട്ടേണ്ട പരിഗണന മാത്രമേ ശ്രീറാമിനും കിട്ടേണ്ടതുള്ളൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മെഡിക്കൽ കോളേജ് ഡോക്ടർമാരുമായി സംസാരിച്ചിട്ടല്ല. സ്വകാര്യ ആശുപത്രി അനാവശ്യമായ പരിഗണന നൽകിയോ എന്ന് പരിശോധിക്കും. മെഡിക്കൽ ബോർഡ് ചേർന്ന് കാര്യങ്ങൾ വിലയിരുത്താൻ നിർദേശം നൽകിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രിയിലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ നടപടി വൻ വിവാദമായതോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം കഴിഞ്ഞ ദിവസം പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാത്രി ഒമ്പതരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ ഉടൻ തന്നെ സര്‍ജിക്കൽ ഐസിയുവിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്ന് രാവിലെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. എന്നാൽ എന്താണ് സംഭവിച്ചത് എന്നതടക്കം ആരോഗ്യസ്ഥിതി സംബന്ധിച്ച ഒരു വിവരവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്ത് വിട്ടിട്ടില്ല.
അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്പെൻഷൻ നടപടികൾ ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. റിമാൻഡിലായ ഉദ്യോഗസ്ഥനെ നാൽപ്പത്തെട്ട് മണിക്കൂറിനകം സസ്പെന്‍റ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം. ഡിജിപി തയ്യാറാക്കി നൽകുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam