സിസ്റ്റർ അഭയക്കേസിൽ കുറ്റപത്രം വായിച്ചു; വിചാരണ തീയതി 15ന് തീരുമാനിക്കും

By Web TeamFirst Published Aug 5, 2019, 11:57 AM IST
Highlights

അഭയ കൊല്ലപ്പെട്ട് 27 വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നത്.

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം വായിച്ചു. പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെയാണ് കുറ്റപത്രം വായിച്ചത്. കേസിന്റെ വിചാരണ തീയതി ഈ മാസം 15ന്  കോടതി തീരുമാനിക്കും. അഭയ കൊല്ലപ്പെട്ട് 27 വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നത്.

ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നേരിടണമെന്ന് കഴിഞ്ഞ ഏപ്രിൽ ഒന്‍പതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇരുവരും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജികൾ സുപ്രീംകോടതി തള്ളിയിരുന്നു. ഫാദര്‍ തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ തെളിവിന്‍റെ അഭാവമില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശക്തമാണെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ കണ്ടെത്തൽ. 

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ സിസ്‍റ്റര്‍ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ 2009 ജൂലൈയില്‍ കുറ്റപത്രം നൽകി. കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ കേരള ഹൈക്കോടതിയെ സമീപിച്ചതോടെ വിചാരണ നടപടികൾ സ്തംഭിച്ചു. 

കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃകയിലിനെയും നാലാംപ്രതി കെ ടി മൈക്കിളിനെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 
 

click me!