
തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന പരിപാടിക്ക് മുന്നോടിയായി ആശുപത്രിക്ക് സമീപം ഉച്ചഭാഷിണിയിലൂടെ വിപ്ലവഗാനം മുഴങ്ങിയത് രോഗികള്‍ക്ക് ബുദ്ധിമുട്ടായപ്പോള്‍ ഇടപെടലുമായി വി കെ പ്രശാന്ത് എംഎല്‍എ. മാധ്യമ പ്രവര്‍ത്തകനായ കെ എ ഷാജിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അതിവേഗം പ്രശ്നത്തില്‍ ഇടപെട്ട വി കെ പ്രശാന്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച് കുറിപ്പ് എഴുതിയത്.
രോഗികളും ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമെല്ലാം എംഎൽഎയെയും അദ്ദേഹത്തിന്റെ പാർട്ടിയേയും പ്രശംസിച്ച് സംസാരിക്കുകയാണ്. ഒരു വലിയ മാതൃകയാണിത്. തിരുത്താനുള്ള ആർജവം കാണിച്ച പ്രശാന്തിനും കഴക്കൂട്ടത്തെ പാർട്ടി പ്രവർത്തകർക്കും അഭിവാദ്യങ്ങളെന്നും കെ എ ഷാജി കുറിച്ചു.
കെ എ ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കഴക്കൂട്ടത്തെ എ ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന് കൂട്ടിരിക്കുന്ന ഒരു സുഹൃത്ത് അല്പം മുമ്പ് വിളിച്ചു. ഐ സി യു വിൽ നിന്ന് റൂമിലേയ്ക്ക് മാറ്റിയതേയുള്ളു. വലിയ ശബ്ദ ശല്യമുണ്ടാക്കിക്കൊണ്ട് പുറത്ത് ഉച്ചഭാഷിണി പ്രവർത്തിക്കുന്നു. വിപ്ലവഗാനങ്ങൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ വച്ചിരിക്കുകയാണ്. നല്ല പാട്ടുകളാണെങ്കിലും രോഗികൾക്ക് അസ്വസ്ഥതയാകുന്നുണ്ട്. തന്റെ ബന്ധുവടക്കം നിരവധി രോഗികൾ അസ്വസ്ഥരാണെന്നും എന്ത് ചെയ്യണം എന്നും സുഹൃത്ത് ചോദിച്ചു. സി പി ഐ (എം) സംഘടിപ്പിക്കുന്ന ചടങ്ങാണ്. വൈകിട്ട് ആറുമണിക്കാണ് യോഗം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുന്നുണ്ട്. പാട്ട് രാവിലെ മുതൽ വച്ചിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ഇത്തരം ബുദ്ധിമുട്ടുകൾ അറിയിച്ചാൽ അവയെ മധ്യവർഗ അരാഷ്ട്രീയതയാക്കി പുച്ഛിച്ചു തള്ളുകയാണ് പതിവ് എന്ന് പറഞ്ഞ് സുഹൃത്തിനെ പിന്തിരിപ്പിക്കാനാഞ്ഞതാണ്. പക്ഷെ പെട്ടെന്ന് ഒരു വീണ്ടുവിചാരത്തിൽ വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിന്റെ നമ്പർ കൊടുത്തു. വിളിച്ചു സംസാരിക്കാനും പറഞ്ഞു. എംഎൽഎ സൗഹാർദ്ദപരമായി തനിക്ക് പറയാനുള്ളത് കേട്ടെന്നും പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞെന്നും സുഹൃത്ത് മെസേജ് അയച്ചതു വായിച്ചു കൊണ്ടിരിക്കെ അടുത്ത മെസേജ് വന്നു: അദ്ദേഹം വാക്കു പാലിച്ചു. പാട്ട് നിന്നു. രോഗികളും ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമെല്ലാം എം എൽ എ യെയും അദ്ദേഹത്തിന്റെ പാർട്ടിയേയും പ്രശംസിച്ച് സംസാരിക്കുകയാണ്.
ഒരു വലിയ മാതൃകയാണിത്. തിരുത്താനുള്ള ആർജവം കാണിച്ച പ്രശാന്തിന് അഭിവാദ്യങ്ങൾ. കഴക്കൂട്ടത്തെ പാർട്ടി പ്രവർത്തകർക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam