കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ല; അധ്യാപികയ്‍ക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Dec 11, 2019, 12:38 PM IST
Highlights

തിങ്കഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കുട്ടിക്ക് പരിക്കേറ്റെങ്കിലും വൈകിട്ട് അമ്മയെത്തിയ ശേഷമാണ് ആശുപത്രിയിലാക്കിയത്

കോഴിക്കോട്: പുതുപ്പാടിയില്‍ സഹപാഠി കണ്ണില്‍ പേനകൊണ്ട് കുത്തി എല്‍കെജി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ ക്ലാസ് ടീച്ചറെ  മാനേജ്‍മെന്‍റ് സസ്പെന്‍റ് ചെയ്തു.  പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂള്‍ അധ്യാപിക ബിജി ജോര്‍ജ്ജിനെയാണ് സസ്പെന്‍റ് ചെയ്തത്.  കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് സസ്പെന്‍ഷന്‍. സംഭവത്തെകുറിച്ച് താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. നാലര വയസ്സുള്ള എല്‍കെജി വിദ്യാര്‍ത്ഥി തന്‍വീര്‍ കണ്ണിന് ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികില്‍സയിലാണ്. 

തിങ്കഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കുട്ടിക്ക് പരിക്കേറ്റെങ്കിലും വൈകിട്ട് അമ്മയെത്തിയ ശേഷമാണ് ആശുപത്രിയിലാക്കുന്നത്. സംഭവം പുറത്തായതിനെ തുടര്‍ന്ന് സ്കൂള്‍ മാനേജറും ഹെഡ്‍മാസ്റ്ററും അടങ്ങുന്ന സംഘം പ്രാഥമിക അന്വേഷണം നടത്തി. കുട്ടിക്ക് പരിക്കേറ്റ വിവരം ക്ലാസ് ടീച്ചറായ ബിജി ജോര്‍ജ്ജ് മറ്റ് അധ്യാപകരെ അറിയിക്കാതെ  മറച്ചുവെച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബിജി ജോര്‍ജ്ജിനെ 15 ദിവസത്തേക്ക് സസ്‍പെന്‍റ് ചെയ്തു. 

സസ്പെന്‍റ് ചെയ്ത വിവരം സ്കൂള്‍ മാനേജര്‍ താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചിട്ടുണ്ട്. അതേസമയം മാനേജ്‍മെന്‍റിന്‍റെയും മറ്റ് അധ്യാപകരുടെയും ഭാഗത്തുനിന്ന് വിഴ്ച്ചയുണ്ടായിട്ടുണ്ടോയെന്ന സംശയം വിദ്യാഭ്യാസവകുപ്പിനുണ്ട്. കണ്ടെത്താന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി. ഇന്ന് വൈകിട്ടിന് മുമ്പ് വിശദമായ റിപ്പോര്ട്ട് നല്‍കാന്‍ ഹെഡ്മാസ്റ്ററോട് ആവശ്യപെട്ടിട്ടുണ്ട്. ഈ റിപ്പോര്ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.

click me!