
തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേസിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസിൽ ട്രാൻസ്പോർട്ട് സെക്രട്ടറി നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ആരെയെങ്കിലും മനപൂർവ്വമായി സംരക്ഷിക്കാൻ ശ്രമിച്ചാല്‍ അവർക്കെതിരെ മാതൃകാപരമായി നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് പൊലീസുകാർക്ക് നൽകിയിട്ടുണ്ട്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് റദ്ദുചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശ്രീറാമും സുഹൃത്തും സഞ്ചരിച്ച വാഹനം ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam