
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുബം ഏകദിന ഉപവാസം നടത്തി. പ്രദീപിൻറെ കൊലപാതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് അമ്മ വസന്തകുമാരി ആരോപിച്ചു. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻറെയും ആക്ഷൻ കൌൺസിലിന്റെയും ആരോപണം.
അതേസമയം അപകടമാണെന്ന നിഗമനത്തിലാണ് ഇതുവരെ പൊലീസ് ഉള്ളത്. ഓഫീസിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ടിപ്പർ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബർ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസിൽ ടിപ്പർ ലോറി ഡ്രൈവറർ ജോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വട്ടിയൂർക്കാവ് മൈലമൂടിൽ ക്രഷറിൽ നിന്നും ലോറി എം സാന്റുമെടുത്ത് വെള്ളായണി വരെ എത്തുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡ്രൈവർക്കോ ലോറി ഉടമക്കോ ഗൂഢാലോചനയൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
അപകടം നടക്കുന്ന സ്ഥലത്തിന് 150 മീറ്റർ മുൻപുളള ദൃശ്യങ്ങളിൽ രണ്ട് ആക്ടീവ സ്കൂട്ടറുകൾക്ക് പിന്നിലായി പ്രദീപ് പോകുന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഓടിക്കുന്ന സ്കൂട്ടറും സാധനങ്ങളുമായി മറ്റൊരാൾ ഓടിക്കുന്ന സ്കൂട്ടറും ദൃശ്യങ്ങളിലുണ്ട്. ഈ രണ്ട് സ്കൂട്ടറുകളെയും മറികടക്കുന്നതിനിടയിലാണ് വലതുഭാഗത്ത് കൂടി വന്ന ലോറിയിൽ പ്രദീപിന്റെ സ്കൂട്ടർ തട്ടുന്നതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഈ രണ്ട് സ്കൂട്ടറുകളും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രണ്ട് സ്കൂട്ടർ യാത്രക്കാരെ കൂടി കണ്ടെത്തിയതിന് ശേഷം പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam