'അമ്മ'ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

Published : Jun 28, 2022, 03:19 PM IST
'അമ്മ'ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

Synopsis

ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം  തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ  വേണമെന്നും ജോയ് മാത്യു

കൊച്ചി : സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ' (AMMA)ഒരു ക്ലബ്ബാണെങ്കിൽ (club)അതിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടൻ ജോയ് മാത്യു(joy mathew). നിലവിൽ മാന്യമായ മറ്റൊരു  ക്ലബ്ബിൽ അംഗത്വം ഉണ്ട്. ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം  തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വ ഫീസ് തിരിച്ചു തരികയോ  വേണമെന്നും ജോയ് മാത്യു. ഇക്കാര്യം ആവശ്യപ്പെട്ട് ജോയ് മാത്യു 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകി

കത്തിൻറെ പൂർണരൂപം ഇങ്ങനെ

ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി,

കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി മീറ്ററിംഗിൽ തൊഴിൽപരമായ ബാധ്യതകളാൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തിൽ താങ്കൾ 'അമ്മ' ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവർത്തനങ്ങൾ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു. 'അമ്മ' എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്.ക്ലബ്ബിന്റെ പ്രവർത്തന രീതിയും ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ.നിലവിൽ മാന്യമായ മറ്റൊരു  ക്ലബ്ബിൽ അംഗത്വം ഉള്ള എനിക്കുള്ള സ്ഥിതിക്ക്   'അമ്മ' എന്ന ക്ലബ്ബിൽകൂടി ഒരു അംഗത്വം ഞാൻ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ. ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ  വേണം എന്ന് അപേക്ഷിക്കുന്നു 

എന്ന്
ജോയ് മാത്യു  
(ഒരു സാദാ മെമ്പർ )


ഇടവേള ബാബുവിനെതിരെ കെ ബി ഗണേഷ് കുമാറും

താരസംഘടന 'അമ്മ' ക്ലബ്ബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ പറഞ്ഞു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു. അമ്മ ക്ലബ്ബ് എന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. അമ്മ ക്ലബ്ബ് ആണെങ്കിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സംഘടനയിൽ നിന്ന് രാജി വയ്ക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു. മറ്റ് ക്ലബ്ബുകളിൽ ചീട്ടുകളിയും, ബാറും ഒക്കെ ആണ്. അതുപോലെയാണോ 'അമ്മ' എന്നും ഗണേശ് ചോദിച്ചു. ക്ലബ്ബ് പരാമർശത്തിൽ മേഹൻലാലിന് കത്തെഴുതും.

വിജയ് ബാബുവിനെതിരെ അതിജീവിത പറയുന്ന കാര്യം 'അമ്മ' ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുപടി നൽകണം. വിഷയത്തെ ആദ്യം നിസ്സാരവൽക്കരിച്ചു. എന്നാൽ കുട്ടി പറയുന്നതിൽ സത്യമുണ്ടെന്ന് ഇപ്പോൾ തോന്നുന്നുവെന്നും കെ.ബി.ഗണേശ്കുമാർ പറഞ്ഞു. ദിലീപിന്റെ മാതൃക പിന്തുടർന്ന് വിജയ് ബാബു രാജി വയ്ക്കണം. ആരോപണവിധേയൻ ഗൾഫിലേക്ക് കടന്നപ്പോൾ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന ഒരു ആരോപണം ഉണ്ടെന്നും ഗണേശ് പറഞ്ഞു. ഹൈക്കാടതിയിൽ നൽകിയ സത്യവാങ്മൂലത്തിനപ്പുറം സമിതി എന്തിന് രൂപീകരിച്ചുവെന്നതിന് ജനറൽ സെക്രട്ടറി മറുപടി പറയണമെന്നും മാലാ പാർവതിയും ശ്വേതാ മേനോനും എന്തിന് രാജി വച്ചു എന്നും ഗണേശ്കുമാർ ചോദിച്ചു.

കഴിഞ്ഞ ദിവസം ജനറൽ ബോഡി തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ജനറൽ സെക്രട്ടറി ഇടവേള ബാബു 'അമ്മ' ക്ലബ് ആണെന്ന് വ്യക്തമാക്കിയത്. വിജയ് ബാബുവിനെ പുറത്താക്കത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. 

'എന്‍റെ രാജി ശരിയെന്ന് തെളിഞ്ഞു'; അമ്മയില്‍ പുതുതലമുറ മാറ്റം കൊണ്ടുവരുമെന്നും ഹരീഷ് പേരടി


താരസംഘടന അമ്മയില്‍ (AMMA) നിന്ന് രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞതായി നടന്‍ ഹരീഷ് പേരടി (Hareesh Peradi). സംഘടന ഒരു ക്ലബ്ബ് ആണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും ഹരീഷ് പേരടി പ്രതികരിച്ചു. ബലാല്‍സം​ഗക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതടക്കം അമ്മയുടെ വാര്‍ഷിക ബനറല്‍ ബോഡി യോ​ഗത്തിനു പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതികരിക്കുകയായിരുന്നു ഹരീഷ് പേരടി.

വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് പറഞ്ഞ ഹരീഷ് സംഘടനയില്‍ പുതിയ തലമുറ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. എന്‍റെ രാജി വ്യക്തിപരമായിരുന്നില്ല. മറിച്ച് നിലപാടായിരുന്നു. സംഘടന നിലപാട് മാറ്റിയാൽ രാജി പിൻവലിക്കുന്ന കാര്യം അപ്പോൾ ആലോചിക്കേണ്ട കാര്യമാണ്, ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം