
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്കിടെ പെൻഷൻ തുക പാർട്ടി ഫണ്ടിലേക്ക് നൽകിയ വയോധികന്റെ ദൃശ്യങ്ങളെ പരിഹസിച്ച് നടൻ ജോയ് മാത്യ. ബാലുശ്ശേരി സ്വദേശി മൊയ്തീൻ പണം നൽകുന്ന വീഡിയോ ഇടതുപക്ഷ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നെങ്കിലും, ഇത് ബോധപൂർവ്വം ചെയ്യിപ്പിച്ചതാണെന്ന വെളിപ്പെടുത്തലുമായി മൊയ്തീൻ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ജോയ് മാത്യു പരിഹാസ കുറിപ്പ് പങ്കുവച്ചത്. നിർബന്ധപൂർവ്വം ചെയ്യിപ്പിച്ചു: താൻ സ്വമനസ്സാലെ പോയി പണം നൽകിയതല്ലെന്നും ചിലർ നിർബന്ധിച്ച് സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുക്കുകയായിരുന്നുവെന്നും മൊയ്തീൻ പറഞ്ഞിരുന്നു. കയ്യിലുള്ള 2000 രൂപ ഗോവിന്ദൻ മാസ്റ്റർക്ക് നൽകിയാൽ അദ്ദേഹം അത് തിരികെ പോക്കറ്റിൽ തന്നെ ഇട്ടുതരുമെന്ന് കൂടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു. വീഡിയോയിൽ പണം തിരികെ നൽകുന്നതും കാണാം. സർക്കാരിനോടുള്ള സ്നേഹം കാരണം പെൻഷൻ തുക പാർട്ടിക്ക് നൽകുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കാൻ തയ്യാറാക്കിയ തിരക്കഥ ഇതോടെ പാളുകയായിരുന്നു.
ഇതിനിടെയാണ് സംഭവത്തെ പരിഹസിച്ച് നടൻ ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറലായിരിക്കുന്നത്. 'ബാലുശ്ശേരിയിലെ നാടക ബാലപാഠങ്ങൾ' എന്ന തലക്കെട്ടിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംഗീത നാടക അക്കാദമിയിലെ നാടകക്കാരെ വെച്ച് ചെയ്തിരുന്നെങ്കിൽ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെ എന്നും ഇതിപ്പോൾ ഏതോ പിആർ അടിമ സംവിധാനം ചെയ്തതാണെന്നും അദ്ദേഹം പരിഹസിച്ചു. വയോധികന്റെ വേഷവിധാനവും അഭിനയവും ശരിയായില്ല. മുഷിഞ്ഞ തോർത്തുമുണ്ടും പാളത്തൊപ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നാടകീയത കിട്ടിയേനെ.
സ്വാഭാവികാഭിനയത്തിന് എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് ഒരു സ്‌പെഷ്യൽ അവാർഡ് നൽകാമെന്നും നാടകത്തിലൂടെ വളർന്ന പാർട്ടിക്ക് ഇത്രയും പിഴവുകൾ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ജോയ് മാത്യു കുറിച്ചു. സംഭവം വിവാദമായതോടെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാൽ, യുഡിഎഫ് പെൻഷൻ തുകയെ അവഹേളിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇടതുപക്ഷം മാത്രമാണ് പെൻഷൻ തുക വർദ്ധിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബാലുശേരിയിലെ നാടക ബാലപാഠങ്ങൾ... സംഗീത നാടക അക്കാദമിയും സ്‌കൂൾ ഓഫ് ഡ്രാമ പോലുള്ള സർക്കാർ സ്ഥാപനങ്ങളും ഉള്ളപ്പോൾ അതിൽ നിന്നും പഠിച്ചിറങ്ങിയ ഏതെങ്കിലും പാർട്ടി അടിമകളായ നാടകക്കാരെവെച്ചു സംവിധാനം ചെയ്തിരുന്നെങ്കിൽ ബാലുശേരിയിലെ പെൻഷൻ നാടകം കുറച്ചുകൂടി നന്നായേനെ. ചിലപ്പോൾ അന്തർ ദേശീയ നാടകോത്സവങ്ങളിൽ ബഹുമതിക്കാൻ വരെ സാധ്യതയുണ്ടായിരുന്നു. നാടകം അറിയാത്ത ഏതോ പിആർ അടിമ സംവിധാനിച്ചതാവാനാണ് വഴി.ഒന്നാമത് സ്ക്രിപ്റ്റ് ഒട്ടും നാടകീയത ഇല്ലാത്തതായിപ്പോയി.
(പെൻഷൻ കിട്ടിയ വയസ്സൻ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ നിന്നും അരങ്ങിലേക്ക് വേച്ച് വേച്ചു വരണമായിരുന്നു; കൈപിടിച്ചു നടത്താൻ കൊച്ചുമക്കൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ പുതു തലമുറയുടെ ഒരു സിംബോളിക് effect കിട്ടുമായിരുന്നു ) വയസ്സൻ കഥാപാത്രത്തിന്റെ ആഹാര്യം (വേഷവിധാനം)ശരിയായില്ല. ഷർട്ടിടാതെ തലയിൽ ഒരു പാളതൊപ്പി ഘടിപ്പിക്കേണ്ടിയിരുന്നു. കയ്യിൽ വാച്ച് പാടില്ലായിരുന്നു. ഡബിൾ മുണ്ടിന് പകരം മുഷിഞ്ഞ തോർത്തുമുണ്ടായിരുന്നെങ്കിൽ കസറിയേനെ.
അഭിനയം:ഗോവിന്ദൻ മാഷ് ഒഴിച്ചു സഹനടന്മാർ ആരും നന്നായില്ല. വയസ്സൻ കഥാപാത്രമാകട്ടെ പഠിച്ച ഡയലോഗ് മറന്നു. പ്രോംപ്റ്റർ ഉള്ളത് കൊണ്ട് ഒരുവിധം രക്ഷപ്പെട്ടു. നാടകത്തിന്റെ അന്ത്യരംഗം കുറച്ചുകൂടി ഉജ്ജ്വലമാക്കാമായിരുന്നു (വയസ്സൻ കഥാപാത്രത്തിനു സൈഡ് കർട്ടന്റെ മറവിൽകൂടി ഒരു ചുവന്ന കൊടി കൊടുക്കുകയും അയാൾ പാടുപെട്ട് അത് പൊക്കി
"ഇനി ഞാനും നിങ്ങളെ പാർട്ടിയിലാ "എന്ന് പറയുമ്പോൾ കൂടെയുള്ള കൊച്ചുകൂട്ടി "ഞാനുമുണ്ട് അപ്പൂപ്പാ " എന്ന് പറഞ്ഞു കൊടിയുടെ വടി തൊടുമ്പോൾ "ഉണരുവിന് സഖാക്കളെ "എന്നോ മറ്റോ ഉള്ള ഒരടിപൊളി ബി ജി എം കൂടെ വേണ്ടിയിരുന്നു.
കർട്ടൻ വീഴുന്നതിനു മുൻപ് രംഗത്തുള്ള എല്ലാവരും വയസ്സൻ പിടിച്ചു പൊക്കിയ കൊടിയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പോസിൽ ഫ്രീസ് ചെയ്യണം (ശ്രദ്ധിക്കേണ്ട കാര്യം താൻ കൊടുത്ത് കാശ് ഗോവിന്ദൻ മാഷ് തിരിച്ചു തന്നത് എണ്ണി നോക്കിയില്ലല്ലോ എന്ന ആകുല ഭാവം പ്രധാന കഥാപാത്രത്തിന്റെ മുഖത്ത് വരാൻ പാടില്ല ) നിസ്സാരമായ ഈ പിഴവുകൾ ഉണ്ടെങ്കിലും സ്വാഭാവികാഭിനയത്തിനുള്ള ഒരു സ്‌പെഷ്യൽ അവാർഡിന് ശുദ്ധഹൃദയനായ ഗോവിന്ദൻ മാഷ് അർഹനാണ്. നാടകങ്ങൾ ഇനിയും വേണം നാടകമാണല്ലോ നാടിൻ്റെ അകം. നാടകങ്ങളിലൂടെ വളർന്ന പാർട്ടിയാണല്ലോ നമ്മുടെ പാർട്ടി എന്ന ബോധം പാർട്ടി നാടകക്കാർക്ക് മിനിമം ഉണ്ടായിരിക്കുകയും വേണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam