'ലോകപരിചയമുള്ള പെൺകുട്ടിയാണ്, പക്വതയുണ്ട്, ഇനി അവർ തീരുമാനിക്കട്ടെ', ഹൈക്കോടതി

By Web TeamFirst Published Apr 19, 2022, 11:00 AM IST
Highlights

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേർ ഇനിയെന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി.

കൊച്ചി: കോഴിക്കോട് കോടഞ്ചേരിയിൽ മിശ്രവിവാഹം കഴിച്ചതിന്‍റെ പേരിൽ വിവാദത്തിലായ ജോയ്‍സ്ന സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജോയ്‍സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 

ഹർജി ഹൈക്കോടതി തീർപ്പാക്കി. ജോയ്‍സ്നയ്ക്ക് ഷിജിനൊപ്പം പോകാൻ ഹൈക്കോടതി അനുമതി നൽകി. ജോയ്‍സ്ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി എസ് സുധ അധ്യക്ഷയായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. 

ആദ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജോയ്‍സ്നയോട് നേരിട്ടാണ് സംസാരിച്ചത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേൽ ഒരുതരത്തിലുമുള്ള സമ്മർദ്ദവുമില്ല എന്നും ജോയ്‍സ്ന കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. തനിക്ക് മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ല. അവരെ ഇപ്പോൾ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്‍സ്ന വ്യക്തമാക്കി. 

എന്നാൽ ജോയ്‍സ്നയെ നിർബന്ധപൂർവം തട്ടിക്കൊണ്ട് പോയതാണെന്നും, ഷിജിനും ജോയ്‍സ്നയും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അച്ഛൻ ജോസഫ് കോടതിയിൽ പറഞ്ഞു. എന്നാൽ ജോയ്‍സ്ന വിദേശത്തേക്ക് പോകണമോ വേണ്ടയോ എന്ന കാര്യമെല്ലാം അവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. 

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേർ ഇനിയെന്ത് ചെയ്യണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ള സ്ത്രീയാണ് ജോയ്സ്ന. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ട് പേർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ തീരുമാനിച്ചാൽ അതിൽ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

നേരത്തേ താമരശ്ശേരി കോടതിയിൽ ഷിജിനൊപ്പം ഹാജരായ ജോയ്‍സ്ന താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അന്ന് തന്നെ ഹേബിയസ് കോർപ്പസ് ഹർജിയുമായി ജോയ്‍സ്നയുടെ അച്ഛൻ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരു കോടതിയിൽ തന്‍റെ നിലപാട് ജോയ്‍സ്ന പറഞ്ഞതാണ് എന്നതുകൊണ്ട് തന്നെ, നിലവിൽ ഹേബിയസ് കോർപ്പസ് ഹർജി നടപടികൾ വെറും സാങ്കേതികം മാത്രമാകുമെന്നുറപ്പായിരുന്നു. 

പ്രാദേശിക ഡിവൈഎഫ്ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിനെ വിവാഹം ചെയ്ത ജോയ്‍സ്ന തൽക്കാലം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. ജോയ്‍സ്നയെ പെണ്ണ് കാണാൻ ആളുകൾ വരുന്നതിന് തലേന്നാണ് അവർ ഷിജിനൊപ്പം ജീവിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. കടുത്ത എതിർപ്പ് ഭയന്ന് ഇക്കാര്യം ജോയ്‍സ്ന വീട്ടിൽ പറഞ്ഞിരുന്നില്ല. എന്നാൽ ജോയ്‍സ്നയുടെ സഹോദരിക്ക് ഷിജിനുമായുള്ള പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു. ആദ്യം അച്ഛൻ ജോയ്‍സ്നയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. സഹോദരി വിളിച്ചപ്പോൾ, 'എന്നെ വിടെടാ' എന്ന് ഫോണിൽ തമാശയ്ക്ക് പറഞ്ഞത് കേട്ട് പേടിച്ചുപോയി. ഇതോടെ, ജോയ്‍സ്നയുടെ ഇളയ സഹോദരി ഷിജിൻ ജോയ്‍സ്നയെ പിടിച്ചുവച്ചിരിക്കുകയാണെന്ന് അച്ഛനമ്മമാരോട് പറഞ്ഞു. ഇത് സ്ഥലത്ത് വലിയ സാമുദായിക പ്രശ്നമായി മാറുകയും ചെയ്തു. 

സംഭവം 'ലൗ ജിഹാദ്' ആണെന്നും, ഷിജിൻ ജോയ്‍സ്നയെ തട്ടിക്കൊണ്ടുപോയതാണെന്നും ആരോപിച്ച് സ്ഥലത്ത് ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധമുണ്ടായി. തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം തോമസ് ഈ വിവാഹം 'ലൗ ജിഹാദ്' ആണെന്നും, കേരളത്തിൽ ലൗ ജിഹാദ് ഒരു യാഥാർഥ്യമാണെന്നും പറഞ്ഞത് വലിയ വിവാദമായി. അവസാനം സിപിഎം ഇടപെട്ട് ജോർജ് എം തോമസിന് നാക്കുപിഴ സംഭവിച്ചതാണെന്ന് വ്യക്തമാക്കി. ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിലുള്ള പലരും ജോയ്‍സ്നയ്ക്കും ഷിജിനും തുറന്ന പിന്തുണയുമായി രംഗത്ത് വന്നു. 

സംഭവം കൈവിട്ട് പോയതോടെ കോടഞ്ചേരി അങ്ങാടിയിൽ നടത്തിയ വിശദീകരണയോഗത്തിൽ ജോർജ് എം തോമസ് തെറ്റ് ഏറ്റുപറഞ്ഞു. ഷിജിന് എല്ലാം പാർട്ടിയെ അറിയിച്ച് മുന്നോട്ട് പോകാമായിരുന്നുവെന്നും, ഇക്കാര്യത്തിൽ ഇനി ചർച്ച വേണ്ടെന്നും അടഞ്ഞ അധ്യായമാണെന്നും പറഞ്ഞ് സിപിഎം പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ബിജെപിയും കോൺഗ്രസും സംഭവം വിവാദമാക്കി. ജോയ്‍സ്നയുടെ വീട് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിക്കാനെത്തി. സ്ഥലത്ത് ഇടവക വികാരിയെയും താമരശ്ശേരി രൂപതാ അധ്യക്ഷനെയും അടക്കം ബിജെപി നേതാക്കൾ നേരിട്ടു കണ്ടു. പരോക്ഷമായി ഈ വിവാഹത്തിനെതിരെ കടുത്ത അതൃപ്തി സ്ഥലത്തെ ക്രിസ്ത്യൻ മതനേതൃത്വം രേഖപ്പെടുത്തുകയും ചെയ്തു. 

ഒടുവിൽ ജോയ്‍സ്നയുടെ അച്ഛന്‍റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കുന്ന അതേ ദിവസം തന്നെ, കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക കോടഞ്ചേരി വിവാഹവിവാദത്തിൽ എഡിറ്റോറിയലെഴുതി. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്ക ക്രൈസ്തവർക്ക് മാത്രമല്ലെന്നാണ് ദീപിക മുഖപ്രസംഗത്തിന്‍റെ രത്നച്ചുരുക്കം. 

വിശദമായി വായിക്കാം: 'മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്ക ക്രൈസ്തവര്‍ക്ക് മാത്രമല്ല': ദീപിക എഡിറ്റോറിയല്‍

കോടതിവിധിയിൽ സന്തോഷമുണ്ടെന്നും, മാതാപിതാക്കളോട് തനിക്ക് ഇപ്പോൾ സംസാരിക്കാനാകില്ലെന്നും, സംസാരിച്ചാൽ അവരത് കൃത്യമായി സ്വീകരിക്കില്ലെന്നും പിന്നീട് സംസാരിച്ചോളാമെന്നും ഹൈക്കോടതിയിൽ നിന്ന് പുറത്തേക്ക് വരവേ, ജോയ്‍സ്ന പ്രതികരിച്ചു.

click me!