ജോയ്സനയെ പേടിപ്പിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രക്ഷിതാക്കൾക്ക് അവകാശമില്ലേയെന്നും ദീപിക ചോദിക്കുന്നു.

തിരുവനന്തപുരം: കോടഞ്ചേരിയിലെ വിവാഹപ്രശ്നത്തിൽ (Kodenchery marriage) സിപിഎമ്മിനെതിരെ സഭയുടെ മുഖപത്രം ദീപിക. കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നതാണ്. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ-ക്രൈസ്തവ മുസ്ലീം സമുദായങ്ങളില്‍പ്പെട്ട എല്ലാ മനുഷ്യരും വിഷയം ഒന്നിച്ച് ചിന്തിക്കേണ്ടതാണെന്നുമാണ് എഡിറ്റോറിയയില്‍ പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് ഇസ്ലാമിക തീവ്രവാദികളുടെ നീക്കത്തിൽ ഭയമുണ്ടെന്നും ദീപിക ആരോപിക്കുന്നു. പാർട്ടിക്കകത്ത് ചർച്ച ചെയ്ത് ഇക്കാര്യം മൂടിവെച്ച് മതേതരത്വം പറയുകയാണ് സിപിഎം. 

ജോയ്സനയെ പേടിപ്പിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രക്ഷിതാക്കൾക്ക് അവകാശമില്ലേയെന്നും ദീപിക ചോദിക്കുന്നു. മതം മാറ്റിയ ശേഷം ഐഎസിൽ ചേർത്ത ക്രിസ്ത്യൻ പെൺകുട്ടികളുടെ കാര്യം കേരളത്തിലെ രക്ഷിതാക്കളെ പേടിയിലാഴ്ത്തുന്നു. കെ ടി ജലീലിനെയും എഡിറ്റോറിയയില്‍ വിമ‍ർശിക്കുന്നുണ്ട്. കോലാഹലമുണ്ടാക്കരുതെന്ന ജലീലിന്റെ നിലപാട് ശരിയല്ല. ഇസ്ലാമിക തീവ്രവാദികൾ ഉയർത്തുന്ന പ്രശ്നത്തിൽ എല്ലാം മുസ്ലിംകളും പഴികേൾക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്. മതേതരത്വവും മതസൗഹാർദ്ദവും പറഞ്ഞ് ആരേയും പേടിപ്പിക്കാൻ നോക്കേണ്ടെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. ഷെജിനും ജോയ്സനയും ഇന്ന് ഹേബിയസ് കോ‍ർപ്പസ് ഹർജിയിൽ ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനിരിക്കെയാണ് ദീപികയുടെ പ്രകോപനപരമായ മുഖപ്രസംഗം.

കോടഞ്ചേരി വിവാഹ വിവാദത്തില്‍ താമരശേരി രൂപത ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലും പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നതാണെന്നും ആയിരുന്നു ബിഷപ്പ് പറഞ്ഞത്. താമരശേരി മേരി മാതാ കത്തീഡ്രല്‍ പളളിയില്‍ പെസഹാ വ്യാഴത്തിന്‍റെ ഭാഗമായി നടന്ന ശുശ്രൂഷകള്‍ക്ക് ശേഷമാണ് ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രൂപതയ്ക്ക് കീഴില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളിലുളള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുകയാണെന്നും അത്തരം ശക്തികള്‍ക്ക് കീഴടങ്ങരുതെന്നുമായിരുന്നു ബിഷപ്പിന്‍റെ വാക്കുകള്‍. 

ഏപ്രിൽ ഒമ്പതിന് വൈകീട്ടാണ് കോ‍ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എം എസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമായത്.