Latest Videos

ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കും, ബിജെപിയിൽ ഗ്രൂപ്പില്ലെന്ന് ജെ പി നദ്ദ

By Web TeamFirst Published Feb 3, 2021, 5:13 PM IST
Highlights

സിഎജിക്ക് എതിരായ പ്രമേയമുയർത്തി, മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു ജെ പി നദ്ദ. സിഎജിക്ക് എതിരായ പ്രമേയം ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ്. അത് അപകടകരമാണെന്നും ജെ പി നദ്ദ. ശബരിമല പ്രശ്നത്തിൽ നിയമപരിഹാരത്തിന് സമയമെടുക്കുമെന്നും നദ്ദ. 

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ. ശോഭാ സുരേന്ദ്രന് പാർട്ടി സംസ്ഥാനനേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ ജെ പി നദ്ദ നിഷേധിച്ചില്ല. ചിലരുടെ വികാരങ്ങൾ വ്രണപ്പെട്ടിരിക്കാമെന്നും, ബിജെപിയിൽ പക്ഷേ എല്ലാവർക്കും അവസരങ്ങളുണ്ടെന്നും പാർട്ടി വലിയ കുടുംബമാണെന്നും ജെ പി നദ്ദ പറഞ്ഞു. 

കഴിഞ്ഞ വെള്ളിയാഴ്ച തൃശ്ശൂരിൽ നടന്ന ബിജെപി സംസ്ഥാനസമിതി യോഗത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ വിട്ടുനിന്നിരുന്നു. കേന്ദ്രനേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം ഉറപ്പ് നൽകിയിട്ടും ഇപ്പോഴും പാർട്ടിയുടെ നേതൃയോഗങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ് ശോഭാ സുരേന്ദ്രൻ. പ്രശ്നം പരിഹരിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും സംസ്ഥാന നേതൃത്വം താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ശോഭയുടെ പരാതി. 

നിർമ്മല സീതാരാമനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശ പ്രകാരം ശോഭാ സുരേന്ദ്രൻ ചർച്ച നടത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിൽ തഴയപ്പെട്ടവർക്ക് അർഹമായ പരിഗണന കിട്ടുമെന്നാണ് കേന്ദ്രനേതൃത്വം ശോഭാസുരേന്ദ്രന് ഉറപ്പ് നൽകിയിരിക്കുന്നത്. നിർണ്ണായകമായ തെരഞ്ഞെടുപ്പ് ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ഒപ്പം നിർത്തണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്‍റെ നിലപാട്. നിലവിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ശോഭയുടെ പേരില്ല. കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിലൂടെ ഇനിയെന്താകുമെന്ന് കണ്ടറിയണം.

മുഖ്യമന്ത്രിക്കെതിരെ ജെ പി നദ്ദ

സിഎജിക്ക് എതിരായ പ്രമേയമുയർത്തി, മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു ജെ പി നദ്ദ. സിഎജിക്ക് എതിരായ പ്രമേയം ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ്. അത് അപകടകരമാണെന്നും ജെ പി നദ്ദ. പിഎസ്‍സി സിപിഎമ്മുകാരെ നിയമിക്കാനുള്ള ഏജൻസിയായി മാറി. നിലവിലെ സർക്കാർ അഴിമതിയിൽ മുങ്ങി. സ്വർണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് മലയാളികൾക്ക് തന്നെ അപമാനമാണ്. ഇതിൽ മന്ത്രിമാരുടെ പങ്ക് ഇനി പുറത്ത് വരാനിരിക്കുന്നതേയുള്ളൂ എന്നും നദ്ദ ആരോപിക്കുന്നു.

സ്വർണക്കടത്തിലും ലൈഫ് പദ്ധതിയിലും കെ ഫോൺ പദ്ധതിയിലും നടക്കുന്നത് വ്യാപക അഴിമതിയാണെന്നാണ് നദ്ദയുടെ ആരോപണം. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച മുഖ്യമന്ത്രി തന്നെ ഇപ്പോൾ എതിർക്കുന്നു. കൊവിഡ് നേരിടുന്നതിൽ പരാജയമാണ് സംസ്ഥാനസർക്കാർ. സർക്കാരിന്റേത് നിരുത്തരവാദ സമീപനമാണെന്നും ജെ പി നദ്ദ ആരോപിക്കുന്നു. 

'ശബരിമല പ്രശ്നത്തിന് നിയമവഴി'

ശബരിമല പ്രശ്നത്തിൽ നിയമപരിഹാരത്തിന് സമയമെടുക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ ആവർത്തിക്കുന്നു. ഇപ്പോൾ ശബരിമല പ്രശ്നം കോൺഗ്രസ് ഉയർത്തുന്നത് വോട്ട് നേടാൻ വേണ്ടി മാത്രമെന്നും ജെ പി നദ്ദ പറയുന്നു. കോൺഗ്രസ് അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തത്. രാഹുൽ ഗാന്ധി എന്താണ് ശബരിമല പ്രശ്നത്തിൽ പ്രതികരിച്ചത്? ജെ പി നദ്ദ ചോദിക്കുന്നു.

click me!