
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ശക്തമായ നടപടികളെടുക്കാനുള്ള സമ്മർദ്ദം സർക്കാരിന് മുകളിലുണ്ടായിരുന്നു. ഇന്നലെ പൊലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് അന്വേഷണ ചുമതല. സിറ്റിംഗ് ജഡ്ജിയെ കിട്ടാത്തത് കൊണ്ടാണ് വിരമിച്ച ജഡ്ജിയെ തീരുമാനിച്ചത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ഇടുക്കി എസ്പിക്കെതിരെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും പരാതികള്‍ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്, പലരെയും പുറത്താക്കിയിട്ടുണ്ട്. അന്വേഷണത്തെ തടസപ്പെടുത്തുന്ന ഒരു കാര്യവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
അതേസമയം രാജ്‍കുമാറിന്‍റെ കസ്റ്റഡിമരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്‍നാഥ് ബഹ്റക്ക്ക സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളാണ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam