കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്ന് വീണ്ടും ചേരും. നേരത്തെ യോഗം ചേർന്ന സമിതി 14പേർക്ക് അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതൽ പേർക്കുള്ള നഷ്‌ടപരിഹാരം നിശ്ചയിക്കും.
241 പേർക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനിടെ മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരും. ഫ്ലാറ്റുകൾ പൊളിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. നഗരസഭാ കൗൺസിൽ എതിർപ്പ് കാരണം ഇതുവരെ തീരുമാനം അംഗീകരിച്ചിട്ടില്ല.
നിലവിൽ രണ്ട് ഫ്ലാറ്റുകൾ പൊളിക്കാനായി ഇന്നലെ വൈകിട്ട് കമ്പനികൾക്ക് കൈമാറി. ജെയിൻ കോറൽ കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആൽഫാ വെഞ്ചേഴ്‌സ് ഇരട്ടകെട്ടിടത്തിൽ ഒരു കെട്ടിടം വിജയ സ്റ്റീൽ കമ്പനിക്കുമാണ് കൈമാറിയത്. മറ്റു ഫ്ലാറ്റുകൾ ഇന്ന് തന്നെ കൈാറിയേക്കും.
അതേസമയം, തീരദേശ പരിപാല നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാതാക്കൾക്ക് വീണ്ടും തിരിച്ചടി ലഭിച്ചിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ ചെലവ് ഫ്ലാറ്റ് നിർമ്മാതാക്കൾ വഹിക്കണമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്.
നിയമലംഘനം നടത്തിയവരിൽ നിന്ന് കമ്മിറ്റി തുക ഈടാക്കും. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് അനുബന്ധ സ്റ്റാഫുകളെ അനുവദിച്ചുള്ള ഉത്തരവിൽ ആണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടപരിഹാര നിർണ്ണയ സമിതിയുടെ പ്രവർത്തനത്തിന് പതിനാറ് സ്റ്റാഫുകളെയാണ് സർക്കാർ അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam