കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

By Web TeamFirst Published Oct 17, 2019, 6:43 AM IST
Highlights

ബുധനാഴ്ചയാണ് കേസിലെ മുഖ്യപ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ പ്രതികളെ കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. പുതുതായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഈ മാസം 19ന് കേസിലെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും. 

ബുധനാഴ്ചയാണ് കേസിലെ മുഖ്യപ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്. ഈ മാസം പതിനെട്ടാം തീയതി നാല് മണിവരെയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. മൂന്നാം പ്രതി പ്രജുകുമാര്‍ സയനൈഡ് വാങ്ങിയ കോയമ്പത്തൂരിലെത്തി വിശദമായ തെളിവടുപ്പ് നടത്തണമെന്നതടക്കമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കസ്റ്റഡി കാലാവധി നീട്ടിയത്. എന്നാൽ, കസ്റ്റഡി നീട്ടരുതെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക മാനസിക ബുദ്ധിമുട്ടില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ പറഞ്ഞു. പ്രജുകുമാറുമായി സംസാരിക്കാൻ ഭാര്യക്ക് 10 മിനിറ്റ് സമയം നൽകിയിരുന്നു.

Read Moreകൂടത്തായി കൊലപാതകക്കേസ്; ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി നീട്ടി

ഇക്കഴിഞ്ഞ പത്തിനാണ് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ജോളിയുടെ ഭർത്താവ് റോയ്‍ തോമസിന്‍റെ കൊലപാതകക്കേസിലായിരുന്നു അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും പരാതിക്കാരുടെ മൊഴിയെടുക്കലും നടന്നെങ്കിലും ഇതിനിടെ മറ്റ് അഞ്ച് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്.

കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും ജോളിയുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരില്‍ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തിരുന്നു. കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാർ, ജോളിയുടെ ഭർത്താവ് ഷാജു, അച്ഛൻ സക്കറിയ എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിനിടെ, ഷാജുവിന്‍റെ മുന്‍ ഭാര്യ സിലിയുടെ 40 പവന്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിലിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

Read More:ജോളി പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ താനടക്കമുള്ളവര്‍ കൊല്ലപ്പെട്ടേനെ: റോജോ

ഷാജുവും ജോളിയും അറിയാതെ സിലിയുടെ ആഭരണങ്ങള്‍ നഷ്ടമാകില്ലെന്ന് സിലിയുടെ ബന്ധു സേവ്യര്‍ ആരോപിച്ചു. ജോളിയുടെ പേരില്‍ വ്യാജ വില്‍പത്രം തയ്യാറാക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിന്‍റെ അന്വഷണവും മൊഴിയെടുക്കലും തുടരുകയാണ്. തഹസില്‍ദാര്‍ ജയശ്രീ, കൂടത്തായ് മുന്‍ വില്ലേജ് ഓഫീസര്‍ കിഷോര്‍ ഖാന്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സുലൈമാന്‍ എന്നിവരുടെ മൊഴി  കോഴിക്കോട് കളക്ടറേറ്റില്‍ രേഖപ്പെടുത്തി.

അതേസമയം, ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടത് നന്നായെന്നും അല്ലെങ്കില്‍ താനടക്കമുള്ളവര്‍ കൊല്ലപ്പെടുമായിരുന്നുവെന്നും മൊഴിയെടുപ്പിന് ശേഷം റോജോ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാനാണ് സാധ്യതയെന്നും ഫോണ്‍ രേഖകള്‍ കാണുമ്പോള്‍ അതാണ് മനസിലാവുന്നതെന്നും റോജോ പറഞ്ഞു. തുടർച്ചയായി രണ്ടാം ദിവസമാണ് പരാതിക്കാരനായ റോജോയുടെ മൊഴി എടുത്തത്.

click me!