
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളും മുഖ്യമന്ത്രിയുടെ ഓഫിസും തമ്മിലുളള ബന്ധം വ്യക്തമാക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പിന്‍റെ പ്രൊജക്ടില്‍ നിയമിച്ചത് ആരെന്ന് വ്യക്തമാക്കണമെന്നും തന്‍റെ ഓഫിസിലെ ആരെങ്കിലും രാജ്യദ്രോഹക്കുറ്റത്തിന് ഒത്താശ ചെയ്തിട്ടുണ്ടോ എന്നു മുഖ്യമന്ത്രി പറയണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചാമക്കാല ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ...
ആരാണ് സ്വപ്ന സുരേഷ് ?
സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ?
സ്വർണക്കടത്ത് ആസൂത്രക സ്വപ്ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടിൽ നിയമിച്ചതാര് ?
ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത് ?
ആരുടെ സ്വപ്നമാണ് വിമാനത്താവളത്തിൽ പൊളിഞ്ഞത് ?
രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ ഒത്താശ ചെയ്തിട്ടുണ്ടോ ?
ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചതാര് ?
അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം....
കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയുടെ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവർ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരായിരുന്നു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഇവരെ പുറത്താക്കിയതായി വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്വപ്ന ഇപ്പോൾ ഒളിവിലാണ്.
കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്റെ അന്വേഷണം. അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam