സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും

By Web TeamFirst Published Jan 7, 2021, 8:54 PM IST
Highlights

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാവാനാവശ്യപ്പെട്ട് രണ്ട് തവണ കസ്റ്റംസ് കത്ത് നൽകിയിരുന്നെങ്കിലും അയ്യപ്പന് എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചത്.

തിരുവനന്തപുരം: സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്‍റെ വീട്ടു വിലാസത്തിലേക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും കടുത്ത ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പൻ നാളെ ഹാജരാകുമെന്ന സ്ഥിരീകരണം വരുന്നത്. 

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാവാനാവശ്യപ്പെട്ട് രണ്ട് തവണ കസ്റ്റംസ് കത്ത് നൽകിയിരുന്നെങ്കിലും അയ്യപ്പന് എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇയാൾ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനിച്ചത്.

സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസ് നിയമസഭ ചർച്ച ചെയ്യാനിരിക്കുകയാണ്. വിവാദങ്ങൾക്കിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാസമ്മേളനം നാളെ തുടങ്ങാനിരിക്കുകയാണ്. 

click me!