
കൊല്ലം: കെ ബി ഗണേഷ്കുമാർ വിൽപത്രത്തിൽ കൃത്രിമം നടത്തിയെന്ന ആരോപണം നിഷേധിച്ച് വില്‍പത്രത്തിലെ സാക്ഷി പ്രഭാകരൻ പിള്ള. വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണപിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമായിരുന്നെന്ന് പ്രഭാകരൻ പിള്ള പറഞ്ഞു. ഗണേഷിൻ്റെ സഹോദരി ഉഷാ മോഹന്‍ദാസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. 2020 ആഗസ്റ്റ് 9 ന് ആണ് വിൽപത്രം തയാറാക്കിയത്. ഗണേഷിന് വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബാലകൃഷ്ണപിള്ളയുടെ മരണ ശേഷം മാത്രമാണ് വിൽപത്ര വിശദാംശങ്ങൾ മക്കൾ അറിഞ്ഞതെന്നും പ്രഭാകരൻ പിള്ള പറഞ്ഞു.
ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്നാണെന്ന് സൂചനകളുണ്ടായിരുന്നു. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിൻ്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. പിള്ളയുടെ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി പങ്കുവച്ചതെന്നാണ് സൂചന.
രണ്ട് പെൺ മക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യ സ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് കെ ബി ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വിൽ പത്രം തയ്യാറാക്കിയെന്നും അത് കൂടുതൽ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി. തർക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടർന്നാണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളെ പറ്റി സംസാരിക്കാനില്ലെന്ന് ഉഷ മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേ സമയം മുന്നണി തീരുമാനത്തിൽ അതൃപ്തിയില്ലെന്നാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ അതൃപ്തിയില്ലെന്നും എൽഡിഎഫിൻ്റേത് യുക്തമായ തീരുമാനമാണെന്നുമായിരുന്നു പ്രതികരണം. പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam