
പത്തനംതിട്ട: റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈൻ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം, തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരംആർടി ഓഫീസിലെത്തിയാണ് റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നൽകുക. ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്.
Also Read: ആരുടെ ഭാഗത്താണ് ന്യായം, എന്താണ് റോബിൻ ബസിന്റെ യഥാർത്ഥ പ്രശ്നം? പരിശോധിക്കാം...
ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും ഇതിന് ശേഷം ബസുടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്. 22ന് ചൊവ്വാഴ്ച റോബിൻ ബസ് പെർമിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ കേരള സർക്കാർ ഒത്താശയോടെനടത്തുന്ന നാടകമാണിതെന്ന് റോബിൻ ബസുടമ പറഞ്ഞു. നിലവിൽ ആർടിഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകംവിട്ടു തരാം, എന്നാൽ കേരളത്തിൽ നിന്നുംഅറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ഗിരീഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam