പട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്തെ വോട്ടർ കൂടിയാണ് സണ്ണി എം കപിക്കാട്. തുടർച്ചയായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലത്തിൽ ദലിത് പിന്നാക്ക വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് നീക്കം.
കോട്ടയം: പ്രമുഖ ദലിത് ചിന്തകൻ സണ്ണി എം. കപിക്കാടിനെ വൈക്കം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. യുഡിഎഫ് സ്വതന്ത്രൻ ആയി മത്സരിപ്പിക്കാൻ ആണ് ആലോചന. യുഡിഎഫ് നേതൃത്വം സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് ലഭ്യമാവുന്ന വിവരം. ചില കോൺഗ്രസ് നേതാക്കൾ സണ്ണി എം കപിക്കാടിനോട് ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സണ്ണിയുടെ സ്ഥാനാർഥിത്വത്തിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് ദളിത്‌വോട്ടുകളാണ്. തുടർച്ചയായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലത്തിൽ ദലിത് പിന്നാക്ക വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് കപിക്കാടിനെ രംഗത്തിറക്കാൻ ആലോചിക്കുന്നത്.
പട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്തെ വോട്ടർ കൂടിയാണ് സണ്ണി കപിക്കാട്. സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ദളിത് സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്. 1991നു ശേഷം യുഡിഎഫ് ഇതുവരെ വൈക്കം മണ്ഡലത്തിൽ വിജയിച്ചിട്ടില്ല. സികെ ആശയാണ് വൈക്കത്തെ സിറ്റിംഗ് എംഎൽഎ. തുടർച്ചയായി രണ്ടാം തവണയാണ് സിപിഐയുടെ പ്രതിനിധിയായി സി.കെ ആശ വൈക്കത്ത് നിന്നും നിയമസഭയിലെത്തുന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ സികെ ആശയ്ക്ക് 61,997 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ എ സനീഷ് കുമാറിന് 37,413 വോട്ടുകളാണ് നേടാനായത്. 2021ൽ രണ്ടാം അംഗത്തിൽ 71388 വോട്ടുകളാണ് ആശക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി പി ആർ സോനക്ക് 42266 വോട്ട് നേടാനായി. 55.96 ആണ് ആശയുടെ 2021ലെ വോട്ടിംഗ് ശതമാനം.


