Latest Videos

സഭ നടക്കുമ്പോള്‍ രാജ്യസഭ പ്രതിപക്ഷ നേതാവിനെ സമന്‍സ് അയച്ച് വിളിപ്പിക്കുന്നോ? ഇഡിക്കെതിരെ കെ സി

By Web TeamFirst Published Aug 4, 2022, 7:11 PM IST
Highlights

ഇഡി രാജ്യത്തെ സൂപ്പർ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. 

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ കെ സി വേണുഗോപാല്‍. ഇഡി രാജ്യത്തെ സൂപ്പർ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സഭ നടക്കുമ്പോള്‍  സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇഡി വിളിപ്പിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. സഭയിലെ മര്യാദകൾക്ക് വിരുദ്ധമാണിത്. ഇഡി നടപടിയെ നിയമപരമായി നേരിടാന്‍ ഭയമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വിഷയത്തില്‍ നാളെയും പ്രതിഷേധിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അടക്കം മാര്‍ച്ച് നടത്തും. പ്രതിഷേധിക്കാന്‍ പാടില്ലെന്ന ദില്ലി പൊലീസ് നോട്ടീസ് കിട്ടിയെന്നും വേണുഗോപാല്‍ പറഞ്ഞു. ദില്ലി പൊലീസ് ഭയപ്പെടുത്താൻ നോക്കണ്ട. പൊലീസ് നടപടി ഉണ്ടായാൽ നേരിടുമെന്നും കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യൻ കമ്പനി ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം ഇന്ന് ശക്തമായി പ്രതിഷേധിച്ചു . രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാര്‍ഗെയെ സമൻസ് അയച്ച് ഇഡി വിളിച്ച് വരുത്തിയത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരിന് കാരണമായി. സഭ നടക്കുന്നതിടെ പ്രതിപക്ഷ നേതാവിനെ വിളിച്ച് വരുത്തിയത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജൻസികളുടെ നടപടിയില്‍ സർക്കാര്‍ ഇടപെടാറില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ തിരിച്ചടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടരുതെന്നും നിയമം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്ത് റെയ്ഡ് നടക്കുന്നതിനിടെ ഉച്ചക്ക് 12.30 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലികാര്‍ജ്ജുൻ ഖാർഗെയക്ക് ഇഡി നോട്ടീസ് നല്‍കിയത്. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം ബഹളം തുടർന്ന സാഹചര്യത്തില്‍ ലോകസഭയും രാജ്യസഭയും ആദ്യം രണ്ട് മണി വരെ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ സഭ നാളത്തേക്ക് പിരിഞ്ഞു. ചെയ്യാവുന്നതൊക്കെ സർക്കാരിന് ചെയ്യാമെന്നും രാജ്യത്തെയും ഭരണഘടനയേയും സംരക്ഷിക്കുകയെന്ന തന്‍റെ കര്‍ത്തവ്യം തുടരുമെന്നും പാർലമെന്‍റിന് പുറത്ത് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

 

click me!