
ദില്ലി: നിയമസഭാ സീറ്റിനായി കടുംപിടിത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ഇന്നലെ രാത്രി ഫ്ലാറ്റിലെത്തി ഇരുവരും തമ്മിൽ സംസാരിച്ചതായാണ് വിവരം. കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് സുധാകരനോട് അഭ്യർത്ഥിച്ചതായാണ് വിവരം. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് സുധാകരൻ. നിലപാട് പ്രഖ്യാപിച്ച് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇന്നലെ രാവിലെയാണ് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി കെ സുധാകരൻ ദില്ലിയിലെത്തിയത്. നിരവധി നേതാക്കൾ സുധാകരനുമായി സംസാരിച്ചെങ്കിലും സുധാകരൻ അയവില്ലാതെ തുടരുകയാണ്. സുധാകരൻ്റെ നിലപാടിൽ കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
അതേസമയം, കെ സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കണ്ണൂരിൽ പരസ്യമായി തെരുവിലിറങ്ങി ഒരു കൂട്ടം അണികൾ. കെ സുധാകരന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് ഇന്നലെ രാത്രിയിൽ നടത്തിയത്. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്' എന്നെല്ലാം മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. ഡിസിസി പരിസരത്താണ് പ്രകടനം നടത്തിയത്. കെ സുധാകരന് സീറ്റ് നിഷേധിക്കരുത് എന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പേരാവൂർ മണ്ഡലത്തിലും നിറയെ സുധാകരൻ അനുകൂല ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്.
'നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്ലക്സുകളാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കണ്ണൂർ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോർഡുകൾ ഉയർന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എം പി സ്ഥാനത്തുള്ള ആരും മത്സരിക്കേണ്ട എന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുന്നതോടെ സുധാകരനും അതൃപ്തി തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ പുറത്തുവന്ന കോൺഗ്രസിന്‍റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂർ സീറ്റിൽ പ്രഖ്യാപനം നടത്തിയിട്ടില്ല. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല. സുധാകരനെ പോലെ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദം ചെലുത്തി വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam