
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറായ കെ ഫോണിന് സ്വതന്ത്രമായി നിലനിന്ന് പോകണമെങ്കിൽ പ്രതിവര്‍ഷം കണ്ടെത്തേണ്ടത് കോടികളുടെ ബിസിനസ്. കിഫ്ബിയിൽ നിന്ന് എടുത്ത വായ്പാ തിരിച്ചടവിന് മാത്രം വേണം വര്‍ഷം 100 കോടിരൂപ. 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കണമെങ്കിൽ നിലവിലെ കണക്കനുസരിച്ച് ഒരുവർഷത്തെ ചെലവ് 750 കോടിയോളം വരും.
1500 കോടി മുടക്കിയ ബൃഹത് പദ്ധതിയാണ്. കിഫ്ബിയിൽ നിന്ന് അനുവദിച്ചത് 1011 കോടി. അതിൽ തന്നെ മൂന്ന് വര്‍ഷത്തിന് ശേഷം പലിശ സഹിതം തിരിച്ച് നൽകണമെന്ന വ്യവസ്ഥയിൽ കെ ഫോൺ കൈപ്പറ്റിയത് 600 കോടി. പ്രതിവര്‍ഷ തിരിച്ചടവ് കണക്കാക്കുന്നത് 100 കോടി വീതം. കെഎസ്ഇബിക്ക് നൽകാനുള്ളതും ഓഫീസ് ചെലവുകളും ചേര്‍ത്ത് ചെലവ് പ്രതീക്ഷിക്കുന്നത് 30 കോടി. ബെൽ കൺസോര്‍ഷ്യത്തിന് അറ്റകുറ്റപ്പണി ഇനത്തിൽ ഏഴ് വര്‍ഷത്തേക്ക് നൽകേണ്ട 363 കോടി രൂപ കെ ഫോൺ തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെല്ലാം പുറമെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷനും സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഡാറ്റ വിതരണത്തിനും വരുന്ന ചെലവ്.
സൗജന്യ സേവനങ്ങൾക്ക് ബജറ്റ് വിഹിതം കിട്ടുമെന്ന് കണക്ക് കൂട്ടുന്ന കെ ഫോൺ. ആദ്യ വര്‍ഷം പ്രതീക്ഷിക്കുന്നത് ചുരുങ്ങിയത് 200 കോടി രൂപയാണ്. 100 കോടി ഡാര്‍ക്ക് ഫൈബര്‍ വാടക ഇനത്തിലും 100 കോടി മറ്റ് ബിസിനുകളിൽ നിന്നും കണ്ടെത്താമെന്നുമെന്നും ആണ് കെ ഫോൺ അവകാശവാദം. ബിസിനസ് മോഡൽ അടക്കം കെ ഫോണിന്റെ എല്ലാ വാണിജ്യ നയങ്ങളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും സാങ്കേതിക പങ്കാളിയായ എസ്ആര്‍ഐടിയാണ്. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള താരിഫ് പ്ലാനിൽ ധാരണയായിട്ടുണ്ട്.
ഐ.പി.ടി.വി, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി പണം സമാഹരിക്കും, ഇന്‍റര്‍നെറ്റ് ലീസ് ലൈന്‍ ഫൈബര്‍ റ്റു ഹോം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കണക്ഷന്‍ നല്‍കുന്ന കോ ലൊക്കേഷന്‍ സൗകര്യം, തുടങ്ങിയവയെല്ലാം വരുമാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് കെ ഫോൺ. 14,000 റേഷൻ കടകൾ, 2,000-ലധികം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, കേരള ബാങ്ക് പോലുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തിൽ കണക്ഷൻ ലഭ്യമാക്കും. എന്ത് വരുമാനം വന്നാലും നടക്കുന്ന ബിസിനസിൽ നിശ്ചിത തുക എംഎസ്പിക്ക് മാറ്റിവയ്ക്കും വിധമാണ് കെ ഫോൺ കരാര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam