
കൊച്ചി : സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍റെയും വി എസ് അച്യുതാനന്ദന്‍റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെയും ചോദ്യം ചെയ്യൽ ഇന്നുണ്ടാകും. ഇന്നലെ ഗോപാലകൃഷ്ണന്‍റെയും ഷാജഹാന്‍റെയും വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. യൂ ട്യൂബ് ചാനലിലൂടെ ഷൈനെയും വി എൻ ഉണ്ണികൃഷ്ണൻ എം എല്‍ എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടുവെന്നതാണ് കെ ജെ ഷൈനിന്‍റെ പരാതി. വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഷാജഹാന്‍റെ ഐ ഫോൺ ആണ് കസ്റ്റഡിയിൽ എടുത്തത്. യൂ ട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.