
തിരുവനന്തപുരം: സപ്ലൈകോ ഓണസമ്മാന നറുക്കെടുപ്പിൽ സംസ്ഥാനതല വിജയിയായത് മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മ. ഒരു പവൻ സ്വർണനാണയമാണ് ഒന്നാം സമ്മാനം. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസാണ് നറുക്കെടുത്തത്. ഓണച്ചന്തകൾ ആരംഭിച്ചത് മുതൽ സപ്ലൈകോ വില്പനശാലകളിൽ നിന്ന് നിന്ന് ആയിരം രൂപയിൽ അധികം സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്നാണ് നറുക്കെടുത്തത്. 2.15 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.
രണ്ടാം സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂർ ജില്ലയിലെ എ കെ രത്നം, വടകരയിലെ സി വി ആദിദേവ് എന്നിവർക്കാണ്.മൂന്നാം സമ്മാനമായ സ്മാർട്ട് ടിവി രമ്യ( തലശ്ശേരി), കണ്ണൻ (തൃശ്ശൂർ), ചെന്താമരാക്ഷൻ (പാലക്കാട്) എന്നിവർക്കാണ്. ജില്ലാതല വിജയികൾ: ഷൈലജ (നെടുമങ്ങാട്), ദീപ (കരുനാഗപ്പള്ളി), പ്രിയ (റാന്നി), രജനി (മാവേലിക്കര), അൻസാർ (കാഞ്ഞിരപ്പള്ളി), ജോഷി ആൻറണി (തൊടുപുഴ), ബിനിത (കൊച്ചി), സതീഷ് (തൃശ്ശൂർ), ഹരിദാസൻ (പാലക്കാട്), പ്രശാന്ത് (പൊന്നാനി), സൗമിനി (വടകര), രാജലക്ഷ്മി (കൽപ്പറ്റ), ശ്രീജൻ (കണ്ണൂർ), ബിജേഷ് (കാഞ്ഞങ്ങാട്) . ജില്ലാതല വിജയികൾക്ക് സ്മാർട്ട് ഫോൺ ആണ് സമ്മാനം.
ചരിത്രം സൃഷ്ടിക്കുന്നതായിരുന്നു ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27നായിരുന്നു.
ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3 വരെ 1.19 ലക്ഷം ക്വിന്‍റൽ അരി വിൽപ്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വിൽപ്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വിൽപ്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam