'നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായി, നിരാശയുടെ ആവശ്യമില്ല'; പിന്തുണകള്‍ക്ക് നൂറ് നൂറ് നന്ദിയെന്നും കെ കെ ശൈലജ

By Web TeamFirst Published May 18, 2021, 4:01 PM IST
Highlights

സംഘര്‍ഷഭരിതമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. അതിനെ നേരിടാന്‍ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാമെന്നും ശൈലജ പറഞ്ഞു. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം താന്‍ ഒറ്റയ്ക്ക് നടത്തിയ പ്രവര്‍ത്തനമല്ലെന്ന് കെ കെ ശൈലജ. നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായെന്നും അതില്‍ സംതൃപ്തിയുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ എല്ലാ മന്ത്രിമാരും നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും ശൈലജ ചൂണ്ടിക്കാട്ടി. തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായപ്രകടനം ഉണ്ടാവേണ്ടതില്ല. പുതിയ തലമുറ വരുന്നത് സ്വാ​ഗതാര്‍ഹമാണ്. തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്ക് നൂറ് നൂറ് നന്ദിയെന്നും ശൈലജ പറഞ്ഞു. സംഘര്‍ഷഭരിതമായ അഞ്ചുവര്‍ഷമാണ് കടന്നുപോയത്. അതിനെ നേരിടാന്‍ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും പുതിയ മന്ത്രിസഭയില്‍ നിന്നും മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കാമെന്നും ശൈലജ പറഞ്ഞു. 

ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ  എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. 

കൊവിഡ് വ്യാപനം അടക്കം സാഹചര്യം നിലനിൽക്കെ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെകെ ശൈലജയുടെ പേര് മാത്രം ചര്‍ച്ചകളിൽ ഉയര്‍ന്ന് വന്നത്. ആരോഗ്യമന്ത്രിയെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ നേടിയെടുത്ത സൽപ്പേരും മട്ടന്നൂര്‍ മണ്ഡലത്തിൽ നിന്നുണ്ടായ വലിയ വിജയവും എല്ലാം ഒപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ സംഘടനാ തീരുമാനത്തിന് അപ്പുറം വ്യക്തികൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് സിപിഎം കൈക്കൊണ്ടത്. 
 

click me!