മുഹമ്മദ് റിയാസും ആര്‍ ബിന്ദുവും; പിണറായി മന്ത്രിസഭയിലെ 'ബന്ധുക്കൾ'

By Web TeamFirst Published May 18, 2021, 3:37 PM IST
Highlights

ഏറെ ചര്‍ച്ചയും കൗതുകവും ആകുകയാണ് മുഹമ്മദ് റിയാസിന്റെയും ആര്‍ ബിന്ദുവിന്റേയും മന്ത്രിസ്ഥാനങ്ങൾ. മുഖ്യന്ത്രിയുടെയും പാര്‍ട്ടിയുടെ പ്രധാന നേതാവിന്‍റെയും അടുത്ത ബന്ധുക്കള്‍ ഒരു മന്ത്രിസഭയില്‍ ഇടം പിടിക്കുക എന്നത് ഒരു പക്ഷെ അധികം കേട്ടുകേൾവിയില്ലാത്തതുമാണ്.

കോഴിക്കോട്: പുതുമുഖങ്ങൾ മാത്രമല്ല, മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും അടുത്ത ബന്ധുക്കളും ഉണ്ട് രണ്ടാം പിണറായി മന്ത്രിസഭയിൽ. ഇതിൽ തന്നെ ഏറെ ചര്‍ച്ചയും കൗതുകവും ആകുകയാണ് മുഹമ്മദ് റിയാസിന്റെയും ആര്‍ ബിന്ദുവിന്റേയും മന്ത്രിസ്ഥാനങ്ങൾ. മുഖ്യന്ത്രിയുടെയും പാര്‍ട്ടിയുടെ പ്രധാന നേതാവിന്‍റെയും അടുത്ത ബന്ധുക്കള്‍ ഒരു മന്ത്രിസഭയില്‍ ഇടം പിടിക്കുക എന്നത് ഒരു പക്ഷെ അധികം കേട്ടുകേൾവിയില്ലാത്തതുമാണ്. 

ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനെന്ന പദവി പരിഗണിച്ചാണെന്ന് പാര്‍ട്ടി പറയുമ്പോഴും മുഖ്യമന്ത്രിയുടെ മരുമകനെന്ന ചര്‍ച്ചയും മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് പറയുമ്പോൾ രാഷ്ട്രീയ വൃത്തങ്ങളിലുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ മേയറുമെല്ലാം ആണെങ്കിലും ആര്‍ ബിന്ദു, സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍റെ ഭാര്യയെന്ന നിലയിലും ചര്‍ച്ചകളുണ്ട്.

പരിഗണന പാർട്ടിയിലെ പ്രവര്‍ത്തനം വച്ചു മാത്രമാണെന്ന് ആവര്‍ത്തിക്കുമ്പോഴും മക്കള്‍ രാഷ്ട്രീയത്തെയും സ്വജനപക്ഷപാതത്തെയും നഖശിഖാന്തം എതിര്‍ത്തു വന്ന പാര്‍ട്ടിയിലെ ബന്ധുക്കളെന്ന  നിലയിലാണ് സിപിഎമ്മിനെതിരായ പ്രതികരണങ്ങളത്രയും. മൂന്നര പതിറ്റാണ്ട് കാലം പാര്‍ട്ടി ഭരിച്ച ബംഗാളിലോ ഏറെ കാലം ഭരണത്തിലിരുന്ന ത്രിപുരയിലോ സിപിഎമ്മിന് ഇത്തരമൊരു ചരിത്രം പറയാനില്ല. രാഷ്ട്രീയവും കുടുംബാധിപത്യവും വാഴുന്ന ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രമാണ് സമാനമായ അനുഭവങ്ങള്‍ അപൂര്‍വമായെങ്കിലും ഉളളത്.

ബിഹാറില്‍ 2016ല്‍ ലാലു പ്രസാദ് യാദവിന്‍റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും ഒരേ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത് മാറ്റി നിര്‍ത്തിയാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഇത്തരം അനുഭവം അപൂര്‍വം.തേജസ്വിയെയും തേജ് പ്രതാപിനെയും സ്ഥാനാര്‍ത്ഥികളാക്കിയ ഘട്ടത്തില്‍ ലാലു പ്രസാദ് പറഞ്ഞതിന് സമാനമായ വിശദീകരണമാണ് ഈ വിഷയത്തില്‍ സിപിഎമ്മും ഇപ്പോള്‍ നടത്തുന്നത്. ഇരുവരും  മക്കള്‍ മാത്രമല്ല പാര്‍ട്ടിയുടെ നേതാക്കള്‍ കൂടിയാണെന്നായിരുന്നു ലാലുവിന്‍റെ വാദം.

തരൂരില്‍ എ.കെ ബാലന്‍റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുയര്‍ന്ന വിവാദത്തിനൊടുവില്‍ പാര്‍ട്ടി പൊതുവികാരത്തിന് കീഴടങ്ങിയെങ്കിലും റിയാസിന്‍റെയും ബിന്ദുവിന്‍റെയും കാര്യത്തില്‍ അത്തരം പ്രതിസന്ധികളൊന്നും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്  
 

click me!