സ്വാശ്രയ ഫീസ് ഘടനയിലെ ഹൈക്കോടതി ഉത്തരവ്; പ്രവേശനത്തെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Feb 28, 2019, 11:55 PM IST
Highlights

സ്വാശ്രയ ഫീസ് ഘടനയിലെ ഹൈക്കോടതി ഉത്തരവ് പ്രവേശനത്തെ ബാധിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ. കാലാനുസൃതമായ വർധനവിന് എതിർപ്പില്ലെന്നും ഭീമമായ വർധനവ് അംഗീകരിക്കില്ലെന്നും മന്ത്രി.

തിരുവനന്തപുരം: സ്വാശ്രയ ഫീസ് ഘടനയിലെ ഹൈക്കോടതി ഉത്തരവ് പ്രവേശനത്തെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കാലാനുസൃതമായ വർധനവിന് എതിർപ്പില്ലെന്നും ഭീമമായ വർധനവ് അംഗീകരിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് നൽകിയ ഹർജിയാണ് ഇന്ന് കോടതി അംഗീകരിച്ചത്. ഇതോടെ സ്വാശ്രയ മെഡിക്കൽ കോളേജിലെ എംബിബിഎസ് ഫീസ് ഉയർന്നേക്കും. മുൻ ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു  കമ്മീഷന് ഹൈക്കോടതിയുടെ നിർദ്ദേശം. ഫീസ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്‍റുകൾ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സംസ്ഥാനത്ത് നാലായിരത്തിലധികം വരുന്ന വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നതാണ് കോടതി ഉത്തരവ്. 2017-18 വർഷത്തിൽ കുറഞ്ഞ ഫീസിൽ പ്രവേശനം നേടിയ സംസ്ഥാനത്തെ 21 കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ ഫീസ് നൽകേണ്ടി വരും എന്നാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച 4.85 മുതൽ 5.65 വരെ യുള്ള ഫീസ് ഘടന പര്യാപ്തമല്ലെന്നും 11 മുതൽ 15 ലക്ഷം വരെ ഫീസ് വർദ്ധിപ്പിക്കണമെന്നും ആണ് മാനേജുമെന്‍റുകളുടെ ആവശ്യം. നേരത്തെ ഫീസ് നിശ്ചയിച്ച കമ്മിറ്റിക്ക് കോറം തികഞ്ഞില്ല. പുതിയ ഫീസ് ഘടന വരുന്നത് വരെ രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച ഫീസ് ഘടന തുടരാം. 2018-19 വർഷത്തിൽ അഡ്മിഷൻ നേടിയ  കുട്ടികൾക്കാണ് ഉത്തരവ് ബാധകമാകുക.

സീറ്റുകൾ ഏറ്റെടുത്ത സർക്കാർ നടപടി സ്വകാര്യ മാനേജ്മെന്‍റുകളുടെ അവകാശത്തിൻമേലുളള കടന്നുകയറ്റവും മുൻ ധാരണകളുടെ ലംഘനവുമാണെന്നായിരുന്നു പ്രധാന വാദം. സർക്കാർ നിർദ്ദേശം അട്ടിമറിക്കാൻ ശ്രമിച്ചാൽ പ്രവേശനം അംഗീകരിക്കില്ലെന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യ സർവ്വകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു. 

click me!