കരുണാകരന്‍റെ കുടുംബം ഗെറ്റ് ഔട്ട്‌ അടിക്കാറില്ല, പക്ഷേ വോട്ട് കിട്ടില്ല, സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്: മുരളി

Published : Mar 19, 2024, 01:58 PM IST
കരുണാകരന്‍റെ കുടുംബം ഗെറ്റ് ഔട്ട്‌ അടിക്കാറില്ല, പക്ഷേ വോട്ട് കിട്ടില്ല, സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്: മുരളി

Synopsis

കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി ഇന്ന് സന്ദർശനം നടത്തിയിരുന്നു. പിന്നാലെയാണ് മുരളീധരന്‍റെ പ്രതികരണം

തൃശൂർ: കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി സന്ദർശനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതിന്‍റെ അങ്കലാപ്പാണെന്ന്  മുരളീധരൻ പറഞ്ഞു. സ്ഥാനാർഥിക്ക് എവിടെ വേണമെങ്കിലും പോകാം. അത് ചർച്ചയാക്കേണ്ടതില്ല. ഇതുകൊണ്ടൊന്നും വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. 

"കരുണാകരന്‍റെ കുടുംബത്തിനൊരു പ്രത്യേകതയുണ്ട്.  വീട്ടിൽ വരുന്നത് ശത്രുക്കളാണെങ്കിൽ പോലും മാന്യമായിട്ടേ പെരുമാറൂ. വീട്ടിൽ വരുന്നവരെ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഇല്ല. ചില വീടുകളിൽ ഗെറ്റ് ഔട്ട്‌ അടിച്ചല്ലോ. കെ കരുണാകരന്‍റെ കെയറോഫിൽ 10 വോട്ട് കിട്ടുമെന്ന് ബിജെപി കരുതേണ്ട. മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകും. രണ്ട് പേർക്കാണ് കേരളത്തിൽ സമനില തെറ്റിയത്. ഒന്ന് ബിജെപിക്ക്, രണ്ട് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക്"- മുരളീധരൻ പറഞ്ഞു. 

കെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ സുരേഷ് ഗോപി ഇന്ന് സന്ദർശനം നടത്തിയിരുന്നു. താൻ അവിടെപോയി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികൾ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും തന്റെ വിജയമെന്നും അദ്ദേഹം പറ‌ഞ്ഞു. മുരളീധരനായി ചുമരെഴുതിയ ബന്ധു വീട്ടിലാണ് സുരേഷ് ഗോപിയെത്തിയത്. 

കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കെ കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് തുടരും. കെ കരുണാകരൻ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് തന്റെ നേതാക്കൾ പറയട്ടെ. ഒരിടത്തും കടന്നു കയറില്ല. പാർട്ടി നേതൃത്വം അനുവദിച്ചാൽ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻ എസ്എഫ്ഐക്കാരനായിരുന്നു താനെന്ന് ആവര്‍ത്തിച്ച അദ്ദേഹം എം എ ബേബിക്ക് ഇക്കാര്യമറിയാമെന്നും പറഞ്ഞു. ബേബി ജീവിച്ചിരിപ്പുണ്ടല്ലോയെന്നും താൻ എസ്എഫ്ഐക്കാരൻ ആയിരുന്നോയെന്ന് ബേബിയോട് ചോദിക്കൂവെന്നും പറഞ്ഞു. എം എ ബേബിയുടെ ക്ലാസിൽ താനിരുന്നിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ