
തിരുവനന്തപുരം: ബില്ലുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള കെഎസ്ഇബിയുടെ പുതിയ ഉത്തരവ് തിരുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 500 രൂപ വരെയേ കൗണ്ടറുകളിൽ സ്വീകരിക്കു എന്നായിരുന്നു കെഎസ്ഇബി ഉത്തരവ്. സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍റെ ഭാഗമായാണ് കെഎസ്ഇബിയുടെ തിരക്കിട്ട നീക്കം.
ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ബില്ലും ഓൺലൈൻ അടയ്ക്കണമെന്നും ബില്ല് 500 ന് മുകളിലെങ്കിൽ പരമാവധി കൗണ്ടറിൽ സ്വീകരിക്കാതിരിക്കാനും നിര്‍ദ്ദേശിച്ചാണ് ഉത്തരവിറങ്ങിയത്. ബില്ല് അടയ്ക്കാന്‍ കാശുമായി കൗണ്ടറിലെത്തുന്നവരെ നിരുത്സാഹപ്പെടുത്തും. ഇത്തരക്കാര്‍ക്ക് പരമാവധി രണ്ടോ മൂന്നോ തവണ മാത്രമെ ഇളവുണ്ടാകു. എന്നാല്‍ പല കോണിൽ നിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി ഇടപെട്ടാണ് ഓൺലൈൻ ബില്ലടയ്ക്കലിൽ വ്യക്തത വരുത്തിയത്.
രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ പിരിവ് നിർബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നിർദ്ദേശം വന്നിരുന്നു. എന്നാൽ പണവുമായി എത്തുന്നവർക്ക് കുറച്ച് തവണ ഇളവ് നൽകാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് - മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇറക്കിയ പുതിയ ഉത്തരവില്‍ 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് കെഎസ്ഇബി മാറ്റി.
നിലവിലെ ഉപഭോക്താക്കളിൽ ഏതാണ്ട് പാതിയും ഡിജിറ്റലായാണ് പണമടയ്ക്കുന്നത് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂർണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേർന്ന ബോർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് കെഎസ്ഇബി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളിൽ അടയ്ക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വൈദ്യുതി മന്ത്രി.