Latest Videos

കെ എം ബഷീറിന്‍റെ മരണം: 'ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത, സിബിഐ അന്വേഷണം വേണം', സഹോദരന്‍ കോടതിയില്‍

By Web TeamFirst Published Aug 25, 2022, 5:26 PM IST
Highlights

പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രതിയെ സഹായിക്കുകയാണ് പ്രോസിക്യൂഷൻ ചെയ്‍തതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുറഹ്മാൻ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. അപകട ദിവസം കെ എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്.

ഉന്നത സ്വാധീനമുള്ള പ്രതിയെ സഹായിക്കുകയാണ് പൊലീസ് ചെയ്തത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു. 2019 ആഗസറ്റ് 3 നാണ് കെ എം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെടുന്നത്. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ  കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുന്നതിനിടെ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും നിയമനത്തിന് എതിരെ കടുത്ത നിലപാടെടുത്തു. നിയമനത്തിൽ തെറ്റില്ലെന്നും പുനപരിശോധിക്കില്ലെന്നും ആദ്യഘട്ടത്തിൽ സര്‍ക്കാര്‍ ഉറച്ച് നിന്നെങ്കിലും പ്രതിഷേധം കടുത്തതോടെ പിൻവാങ്ങേണ്ടി വന്നു. തുടര്‍ന്ന് ആലപ്പുഴയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.

കാറുകൾ കൂട്ടിയിടിച്ച് അപകടം, നാല് വയസുകാരിക്ക് ദാരുണാന്ത്യം

വയനാട്ടിലുണ്ടായ കാറപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ, മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വെച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐറിൻ.

സമാനമായ സംഭവമാണ് പാലക്കാട് മേലാമുറിയിലുമുണ്ടായത്. സ്കൂൾ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പാലക്കാട് കാണിക്ക മാതാ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പതിനൊന്ന് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴാണ് അപകടമുണ്ടായത്.

click me!