പാലായിലെ വീട് കഴിഞ്ഞാല്‍ മാണിയുടെ ഇഷ്ട വസതി 'പ്രശാന്ത്'

By Web TeamFirst Published Apr 10, 2019, 8:55 AM IST
Highlights

മാണി തലസ്ഥാനത്തുണ്ടായിരുന്നപ്പോൾ പാർട്ടിക്കാരുടെ ആലോചനകേന്ദ്രമായിരുന്നു ഈ വീട്. ഭാഗ്യവീടെന്ന് മാണി കരുതിയ പ്രശാന്തിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു മാണിയെ വീഴ്ത്തിയ ബാർക്കോഴയും ഉയർന്നത്

തിരുവനന്തപുരം: പാലയിലെ കരിങ്ങോഴക്കൽ വീട് കഴിഞ്ഞാൽ കെ എം മാണിക്കിഷ്ടം തലസ്ഥാനത്തെ പ്രശാന്ത് എന്ന ഔദ്യോഗിക വസതിയായിരുന്നു. പ്രശാന്ത് എന്ന് വീടിന് പേരിട്ടതും മാണിയായിരുന്നു. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പ്രശാന്ത് എന്ന മന്ത്രിമന്ദിരത്തിൻറെ പണി പൂർത്തിയായത് 1982ലായിരുന്നു. കെ എം മാണിഅന്ന് ധനമന്ത്രിയായിരുന്നു.   

പിന്നീടിങ്ങോട്ട് പല തവണ മന്ത്രിയായപ്പോഴും മാണി പ്രശാന്ത് അല്ലാതെ മറ്റൊരു വീട്ടിലും താമസിച്ചില്ല. ഓരോ തവണയും ബജറ്റ് തയ്യാറാക്കുന്നതും പ്രശാന്തിൽ വച്ച് തന്നെയായിരുന്നു. മാണി തലസ്ഥാനത്തുണ്ടായിരുന്നപ്പോൾ പാർട്ടിക്കാരുടെ ആലോചനകേന്ദ്രമായിരുന്നു ഈ വീട്. ഭാഗ്യവീടെന്ന് മാണി കരുതിയ പ്രശാന്തിനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു മാണിയെ വീഴ്ത്തിയ ബാർക്കോഴയും ഉയർന്നത്. 

കോഴ നൽകാനെത്തിയത് പ്രശാന്തിലാണെന്ന ബാറുമടയുടെ വെളിപ്പെടുത്തലോടെ ഔദ്യോഗിക വസതി വിജിലൻസ് അന്വേഷണത്തിൻറേയും കേന്ദ്ര ബിന്ദുവായി. പാർട്ടിയിലെ നിർണ്ണായക ചർച്ചകളെല്ലാം പ്രശാന്തിനെ ചുറ്റിപ്പറ്റി. ഒടുവിൽ അതികായനായ മാണി ഏറെനാൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ 2015 നവംബർ 10ന് മന്ത്രിസ്ഥാനത്തു നിന്നും രാജിവെച്ച് ഇറങ്ങിയതും പ്രശാന്തിൽ നിന്നായിരുന്നു. 

click me!