
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കൺവീനറുടെ ജോലി. പാർട്ടി നിലപാട് പറയാൻ കെപിസിസി പ്രസിഡന്‍റ് ഉണ്ട്. നടിയെ ആക്രമിച്ച കേസിലെ നിലപാട് പ്രസിഡന്‍റ് നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാൽ അടൂർ പ്രകാശിന്‍റെ നിലപാട് പോളിങിനെ ബാധിച്ചിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ സാധ്യതയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. വോട്ടർ പട്ടികയിൽ ഉണ്ടായ കൺഫ്യൂഷൻ പോളിങ് ശതമാനം കുറയാൻ കാരണം ആണ്. വഞ്ചിയൂരിൽ അവസാന ദിവസം ചേർത്ത ഇരട്ട വോട്ടുകൾ പരിശോധിക്കാൻ സമയം കൊടുത്തില്ല. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലർക്കും ഇത്തവണ വോട്ട് ഇല്ല. മൊത്തത്തിൽ ആശയകുഴപ്പം ഉണ്ടായി. ചില മേഖലയിൽ ബിജെപിക്ക് നിസ്സംഗത ഉണ്ടായിരുന്നു. പഴയത് പോലെയുള്ള കേഡർ സിസ്റ്റം ഒന്നും സിപിഎമ്മിന് ഇല്ല. യുഡിഎഫിന് 50 ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും മുരളീധരൻ അവകാശപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നാണ് അടൂർ പ്രകാശ് ആദ്യം പറഞ്ഞത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം.
ഉന്നത പൊലീസ് നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളിൽ താനല്ല അഭിപ്രായം പറയേണ്ടത്. സർക്കാർ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. സർക്കാർ അപ്പീൽ പോകുമല്ലോ. സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിവാദമായതോടെ മലക്കം മറിഞ്ഞു
കോണ്‍ഗ്രസ് നേതാക്കൾ തന്നെ തള്ളിപ്പറഞ്ഞതോടെ വീണ്ടും പ്രതികരണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. താൻ എന്നും അതിജീവിതക്കൊപ്പമെന്ന് പറഞ്ഞ അടൂർ പ്രകാശ് മാധ്യമങ്ങൾ നൽകിയത് ഒരു വശം മാത്രമെന്നും വിമര്‍ശിച്ചു. തന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചു. വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രോസിക്യൂഷന് തെറ്റ് പറ്റിയെങ്കിൽ സർക്കാർ തിരുത്തുകയാണ് വേണ്ടത്. അതിജീവിതക്ക് നീതി കിട്ടണം എന്നാണ് തന്റെയും അഭിപ്രായം. കെപിസിസിയും അത് പറഞ്ഞിട്ടുണ്ട്. അപ്പീൽ പോകുന്നതിനെ കുറിച്ച് സർക്കാർ തീരുമാനിക്കണം. അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാൻ ആണെന്ന് പറഞ്ഞിട്ടില്ലെന്നും അത് മാധ്യമങ്ങൾ വളച്ചൊടിച്ചാണെന്നും അടൂർ പ്രകാശ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam