
കൊച്ചി: ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യമാണെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ട്വന്റി 20യെ ഇല്ലാതാക്കലായിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. ക്യാമറ നിരീക്ഷണം ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവർക്കുള്ള പാസുകൾ മുക്കി. കണ്ണൂർ മോഡലിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു. എൽഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത്. ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിലാണ് ഈ സഖ്യം പ്രവർത്തിച്ചത്. കോൺഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജൻ ആണെന്നും സാബു എം ജേക്കബ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരെയും പൊലീസിനെയും സ്വാധീനിച്ചു. താൻ വോട്ട് ചെയ്യുന്ന ബൂത്തിൽ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു. വോട്ട് ചെയ്യുമ്പോൾ പോലും ബഹളം ഉണ്ടാക്കി. പുറത്തേക്ക് വന്നപ്പോൾ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി. പാസുമായി വന്ന മാധ്യമങ്ങളെ ആക്രമിച്ചു. മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു. ആ പദ്ധതി പാളിയത് കൊണ്ടാണ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചത്. മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ്. മറ്റു ബൂത്തുകളിൽ നിന്ന് വരെ ആളുകൾ എത്തി. തന്നെ ആക്രമിക്കാനാണ് ഇവർ സംഘടിച്ചെത്തിയത്. ആ ശ്രമം പരാജയപ്പെട്ടതോടെ മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്നും സാബു എം ജേക്കബ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam