
തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ പുറത്തായ സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിനെ ശക്തമായി അപലപിച്ച് കെ മുരളീധരന്‍ എംപി രംഗത്ത്.ഗവർണർ മലക്കം മറിഞ്ഞു.ഭരണഘടന കുന്തം കുടച്ചക്രം എന്ന് പറഞ്ഞ ആളെയാണ് വീണ്ടും മന്ത്രിയാക്കുന്നത്.മുഖ്യമന്ത്രിയും ഗവർണറുമായി എന്തോ ഓപ്പറേഷൻ നടന്നു.രണ്ടുപേരുടെയും കളി കൊണ്ട് വിദ്യാർഥികളാണ് കുടുങ്ങിയത് .കൊടുക്കൽ വാങ്ങലാണ് നടക്കുന്നത്.സജി ചെറിയാൻ രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാൻ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണ്ണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാറിനായിരിക്കുമെന്നാണ് ഗവർണ്ണർ മുഖ്യമന്ത്രിയെ അറിയിച്ചത്. ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്-സാംസ്ക്കാരികം-സിനിമ-യുവജനക്ഷേമ വകുപ്പുകളായിരിക്കും സജിക്ക് ലഭിക്കുക.
മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവെച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി നാളത്തേക്ക് മാറ്റിവച്ചത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം.