അച്ചടക്കത്തിന്‍റെ വാളോങ്ങിയത് തിരിച്ചടിയായോ? നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുരളീധരൻ, പിന്തുണച്ച് ഗ്രൂപ്പുകൾ

Published : Mar 13, 2023, 02:48 PM ISTUpdated : Mar 13, 2023, 03:20 PM IST
അച്ചടക്കത്തിന്‍റെ വാളോങ്ങിയത് തിരിച്ചടിയായോ? നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുരളീധരൻ, പിന്തുണച്ച് ഗ്രൂപ്പുകൾ

Synopsis

അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ തനിക്കെതിരെയുള്ള നടപടിയിലാണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള മുരളീധരന്‍റെ പ്രതികരണം ഉണ്ടായത്. എം കെ രാഘവനെ പിന്തുണച്ചതിന്‍റെ പേരിലെടുത്ത നടപടി തന്നെ അപമാനിക്കാന്‍ വേണ്ടി മാത്രമാണെന്ന് മുരളീധരന്‍ പറയുന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകള്‍ തുടങ്ങേണ്ട സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും തലപൊക്കി അസ്വാരസ്യങ്ങള്‍. എം കെ രാഘവനും കെ മുരളീധരനും എതിരെ നടപടിയെടുത്ത് അച്ചടക്കത്തിന്‍റെ വാളോങ്ങിയ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ ഒരേപോലെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സംഭവിക്കുന്നത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇനി മത്സരിക്കില്ലെന്ന് കെ മുരളീധരന്‍ പരസ്യമായി തുറന്ന് പറഞ്ഞത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ തനിക്കെതിരെയുള്ള നടപടിയിലാണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള മുരളീധരന്‍റെ പ്രതികരണം ഉണ്ടായത്. എം കെ രാഘവനെ പിന്തുണച്ചതിന്‍റെ പേരിലെടുത്ത നടപടി തന്നെ അപമാനിക്കാന്‍ വേണ്ടി മാത്രമാണെന്ന് മുരളീധരന്‍ പറയുന്നു. എ, ഐ ഗ്രൂപ്പുകള്‍ എന്ന നിലയില്‍ മുന്നോട്ട് പോയ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ മുരളീധരന് അനുകൂലമായ ഒരു പൊതുവികാരം രൂപപ്പെടുന്നു എന്നുള്ളതാണ് ഈ വിഷയത്തിലെ ശ്രദ്ധേയമായ കാര്യം.

ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് എം കെ രാഘവനും കെ മുരളീധരനും പാർട്ടിക്കുള്ളിൽ ലഭിക്കുന്നത്. പാർലമെന്‍റ്  തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തവണ കരുത്തുറ്റ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും.

ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായ എം കെ രാഘവനും മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ കെ മുരളീധരനും ഇടഞ്ഞു നിൽക്കുന്നത് കേന്ദ്ര നേതൃത്വത്തിനും തലവേദനയാണ്. ഗ്രൂപ്പ് പിന്തുണ കൂടി കിട്ടുന്നതോടെ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള എതിർപ്പ് കനപ്പെടും. ഡിസിസി പുനസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രമ്യതയിൽ മുന്നോട്ടു പോകണമെങ്കിൽ നിലവിലെ തർക്കങ്ങൾ അവസാനിപ്പിക്കേണ്ടി വരും.

അല്ലാത്തപക്ഷം കിട്ടിയ അവസരം മുതലെടുത്ത് എ, ഐ ഗ്രൂപ്പുകളുടെ ഒന്നിച്ചുള്ള ആക്രമണം കെപിസിസി നേതൃത്വം നേരിടേണ്ടി വരും. എം കെ രാഘവനും മുരളീധരനും എതിരെയുള്ള കെപിസിസി നീക്കം രമേശ് ചെന്നിത്തലയും എം എം ഹസ്സനും പരസ്യമായി തള്ളി കഴിഞ്ഞു. എഐസിസി അംഗങ്ങളിൽ നിന്ന് കെപിസിസി വിശദീകരണം തേടാറില്ല. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നുമായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. കെ മുരളീധരൻ ഇനിയും മത്സരിക്കണമെന്നുള്ള ആവശ്യവും മുൻ പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ചു. നടപടി മാനദണ്ഡം പാലിച്ചല്ലെന്ന് എം എം ഹസനും സൂചിപ്പിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ രാഘവനും മുരളീധരനും അനുകൂലമായ വികാരം രൂപപ്പെടുന്നുണ്ടെന്നുള്ളത് വ്യക്തമായി കഴിഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ
അഭിമാന നേട്ടം, രാജ്യത്തെ ഏറ്റവും മികച്ച ഇലക്ഷൻ ജില്ല കേരളത്തിൽ; കാസർകോട് ജില്ലയ്ക്ക് ദേശീയ പുരസ്കാരം