
തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിതത്വവും ബാധ്യതയുമില്ലെന്നാണ് മുരളീധരന്റെ പ്രതികരണം. തെറ്റ് സംഭവിച്ചതിനാലാണ് രാഹുലിനെ പുറത്താക്കിയത്. ഇനി അതിൽ പറയേണ്ടതായി ഒന്നുമില്ല. 'പുറത്താക്കൽ' എന്ന ബ്രഹ്മസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്. പുറത്താക്കിയ ആൾ രാജി വെക്കണമെന്ന് പറയാൻ പറ്റില്ലാലോ. ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തമെന്ന് ചോദിച്ച മുരളീധരൻ, പാർട്ടി നടപടിയെടുത്തതാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരും പൊലീസുമെടുക്കട്ടേയെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ സംരക്ഷിക്കുന്ന സംസ്കാരം കോൺഗ്രസിനില്ല. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകൾക്ക് മറുപടിയില്ല. രാഹുൽ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്നലെ അർധരാത്രിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ താമസിച്ചിരുന്ന പാലക്കാട് കെപിഎം ഹോട്ടലിലെ മുറിയിൽ നിന്ന് രാത്രി പന്ത്രണ്ടരയ്ക്കാണ് എട്ടംഗ പോലീസ് സംഗം രാഹുലിനെ പിടികൂടിയത്. ആദ്യ രണ്ടു ബലാൽസംഗ പരാതികളിൽ കോടതി അറസ്റ്റ് തടഞ്ഞതിന്റെ ബലത്തിൽ പാലക്കാട് മണ്ഡലത്തിൽ സജീവമായിരുന്നു രാഹുൽ. ഇപ്പോൾ വിദേശത്ത് താമസിക്കുന്ന വിവാഹിതയായ യുവതി നൽകിയ പുതിയ ബലാൽസംഗ പരാതിയിലാണ് അറസ്റ്റ്.
ഇതോടെ എംഎൽഎയ്ക്ക് എതിരെ പരാതി നൽകിയ സ്ത്രീകളുടെ എണ്ണം മൂന്നായി. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് ഇ മെയിൽ വഴി കിട്ടിയ പുതിയ പരാതി. പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്തിയ ശേഷം ആണ് അറസ്റ്റ്. അറസ്റ്റിന് പോലീസ് സംഘം ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ ആദ്യം രാഹുൽ വഴങ്ങാൻ വിസമ്മതിച്ചു. എന്നാൽ വെറും 15 മിനിറ്റിൽ വാഹനത്തിലേക്ക് പോലീസ് മാറ്റി. രാത്രി തന്നെ റോഡ് മാർഗം പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam