'താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണം'; ചെന്നിത്തലയ്ക്ക് മുരളീധരന്‍റെ ഒളിയമ്പ്

By Web TeamFirst Published Sep 4, 2021, 5:53 PM IST
Highlights

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോയ കെപിസിസി മുന്‍ സെക്രട്ടറി പി.എസ് പ്രശാന്തിനെതിരെയും മുരളീധരന്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മാലിന്യങ്ങളാണ് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് അദേഹം പറഞ്ഞു. 

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പരിഹരിക്കാന്‍ കഴിയാത്ത ഒരു പോരായ്മയും കോണ്‍ഗ്രസില്‍ ഇല്ലെന്ന് പറഞ്ഞ മുരളീധരന്‍ പഴയ കാര്യങ്ങള്‍ പറയാനാണെങ്കില്‍ കുറെയുണ്ടെന്നും, താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ തന്നെ അനുഭവിച്ചിടണമെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ.മുരളീധരന്‍. പഴയ കാര്യങ്ങള്‍ പറഞ്ഞ് നേതാക്കള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. പഴയ കാര്യങ്ങള്‍ പറഞ്ഞ് ഡിസിസി അധ്യക്ഷന്മാര്‍ ചുമതലയേല്‍ക്കുന്ന വേദി കലാപവേദിയാക്കരുത് താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണമെന്നും അദേഹം രമേശ് ചെന്നിത്തലയെ ഉന്നംവച്ച് പറഞ്ഞു. 

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോയ കെപിസിസി മുന്‍ സെക്രട്ടറി പി.എസ് പ്രശാന്തിനെതിരെയും മുരളീധരന്‍ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മാലിന്യങ്ങളാണ് സിപിഎമ്മില്‍ ചേര്‍ന്നതെന്ന് അദേഹം പറഞ്ഞു. 

കോണ്‍ഗ്രസില്‍ നടക്കുന്നത് സമൂലമായ മാറ്റമാണ്. ഒരു കാലത്ത് താന്‍ അടക്കമുള്ളവര്‍ അച്ചടക്ക ലംഘനം നടത്തിയിട്ടുണ്ട്. ഇന്ന് അതല്ല സ്ഥിതി, പരാജയങ്ങള്‍ പാര്‍ട്ടിക്ക് ഉണ്ടാകുന്നു. പാര്‍ട്ടിയെ ഇനി കുത്തഴിഞ്ഞ നിലയില്‍ കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം ഒരു വ്യക്തിയുടെ പരാജയമല്ല. താന്‍ അടക്കം ശ്രദ്ധയില്‍ പെടുത്തിയ കാര്യങ്ങള്‍ ഗൗരവത്തില്‍ എടുത്തില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ മാലിന്യങ്ങളെ പാര്‍ട്ടി ഒരിക്കലും തിരിച്ചുകൊണ്ടുവരരുത്. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചവരെ തിരികെ കൊണ്ടുവരണമെന്നും അദേഹം ആവശ്യപ്പെട്ടു. ആരേയും ഡിസിസി പ്രസിഡന്‍റ് ആക്കണമെന്നത് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!