ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന; 'കെഎസ്ആർടിസിയിലെ ബെവ്കോ' തീരുമാനത്തിലുറച്ച് ​ഗതാ​ഗതമന്ത്രി

By Web TeamFirst Published Sep 4, 2021, 5:27 PM IST
Highlights

ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക. ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔ‍ട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നിൽക്കുന്നതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക. ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി പറഞ്ഞു. 

ഒഴിവുള്ള കടകൾ ആവശ്യപ്പെട്ടാൽ നിയമപരമായി നൽകേണ്ടി വരും. തീരുമാനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ തെറ്റിദ്ധാരണ കാരണം ഉള്ളതാണെന്നും ആന്റണി രാജു അഭിപ്രായപ്പെട്ടു. 

കെഎസ്ആർടിസി യിൽ ബെവ്കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടൻ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി പ്രതികരിച്ചു.
 
കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും. ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ 'ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ' എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവർ  സ്ത്രീകളും കുട്ടികളുമടങ്ങുന്ന  യാത്രക്കാർക്ക് ഭീഷണിയാണ്.  പ്രശ്‌നസാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കും.
കെഎസ്ആര്‍ടിസി. സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെ സി ബി സി അഭിപ്രായപ്പെട്ടു. 

Read Also; കെഎസ്ആര്‍ടിസി ഡിപ്പോകളിൽ ബെവ്കോ ഔട്ട്‍ലെറ്റുകള്‍ തുറക്കും; ഒഴിഞ്ഞുകിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകും: മന്ത്രി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!