
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത നേതൃമാറ്റ ആവശ്യത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. നിലവിൽ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാർട്ടിക്കുള്ളിൽ വേണ്ടതെന്ന് മുരളീധരൻ വ്യക്താക്കി. പാർട്ടി ഏത് ചുമതല നൽകിയാലും ഏറ്റെടുക്കും. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസ് തന്നെയാണെന്നും ലീഗല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിലേറ്റ കടുത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകകക്ഷികളും ചില പാർട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. നാല് നേതാക്കൾ മാത്രം തീരുമാനമെടുക്കുന്ന സ്ഥിതിയാണെന്ന പരസ്യ പ്രതികരണവുമായി ആദ്യം രംഗത്തെത്തിയത് കെ മുരളീധരനായിരുന്നു. പിന്നാലെ കെ.മുരളീധരനെ തിരികെ വിളിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട പോസ്റ്ററുകള്‍ പല ജില്ലകളിലും പ്രത്യക്ഷപ്പെട്ടു.
എന്നാൽ ഹൈക്കമാൻഡ് ഇടപെട്ട് നേതാക്കളുടെ പരസ്യപ്രതികരണം വിലക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടൻ ഉണ്ടാകില്ലെന്നാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കുന്നത് . എന്നാല്‍ തിരിച്ചടി നേരിട്ട ജില്ലകളില്‍ ജില്ല കോണ്‍ഗ്രസ് കമ്മറ്റികളില്‍ മാറ്റങ്ങളുണ്ടായേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam