
തിരുവനന്തപുരം : നിയമസഭാ സീറ്റിന്റെ പേരിൽ കെ സുധാകരൻ പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്ന് കെ മുരളീധരൻ. അദ്ദേഹം ഇപ്പോഴും കോൺഗ്രസ് എംപിയാണെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സീറ്റ് സംബന്ധിച്ച് വാർത്തകൾ വരുന്നതല്ലാതെ സുധാകരൻ ഒന്നും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തമായ ധാരണയില്ലാതെ കോൺഗ്രസിലെ ഒരു നേതാവിനെപ്പറ്റി അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല. ബിജെപി മുതലെടുക്കാൻ നോക്കും പക്ഷേ അത് ശാശ്വതമാകില്ല. എംപിമാർ മത്സരിക്കേണ്ടെന്നത് പാർട്ടിയുടെ നിലപാടാണ്. ഇനി ആർക്കെങ്കിലും ഇളവ് നൽകണമെങ്കിൽ അത് ഹൈക്കമാൻഡ് സ്വീകരിക്കുന്ന തീരുമാനമായിരിക്കും. ഇത്തരം പ്രശ്നങ്ങൾ യുഡിഎഫിനെ ബാധിക്കില്ലെന്നും ഭരണ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തർക്കം സുധാകരൻ പാർട്ടി വിടുന്നതിലേക്ക് എത്തി നിൽക്കവേ അയഞ്ഞ് കോൺഗ്രസ്. സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എ.കെ ആൻ്റണിയെ ഇടപെടുത്തി ഒരു അനുനയനീക്കത്തിലേക്ക് കോൺഗ്രസ് എത്തിയത്. കടുത്ത നീക്കം പാടില്ലെന്നും മൂന്നാം പിണറായി സർക്കാർ വരാൻ കാരണമാകരുതെന്നും ആന്റണി സുധാകരനോട് സംസാരിച്ചതായാണ് പുറത്ത് വരുന്ന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam