മൻസൂർ വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെതിരെ കെ മുരളീധരൻ, മാറ്റണമെന്ന് ആവശ്യം

By Web TeamFirst Published Apr 10, 2021, 8:16 AM IST
Highlights

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആളാണ് ഇസ്മയിലെന്നും ഡിവൈഎസ്പി പ്രവർത്തിക്കുന്നത് പി മോഹനന്റെ പിഎയെ പോലെയാണെന്നും മുരളീധരൻ ആരോപിച്ചു. 

കണ്ണൂര്‍: മൻസൂർ വധക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ. കേസന്വേഷണത്തിന് ഡിവൈഎസ്പി ഇസ്മായിലിനെ നിയോഗിച്ചത് സിപിഎമ്മിനെ രക്ഷിക്കാൻ വേണ്ടിയാണ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആളാണ് ഇസ്മയിലെന്നും ഡിവൈഎസ്പി പ്രവർത്തിക്കുന്നത് പി മോഹനന്റെ പിഎയെ പോലെയാണെന്നും മുരളീധരൻ ആരോപിച്ചു. 

സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണിത്. ഡിവൈഎസ്പി കെ ഇസ്മായിലിനെ ചുമതലപ്പെടുത്തിയത് കേസിൽ സിപിഎമ്മിനെ രക്ഷിക്കാനാണ്. ഈ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയില്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കില്ലെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം കാര്യക്ഷമമല്ലെന്നും സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് പാനൂരിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട് സന്ദർശിച്ച ശേഷമാകും സംഗമത്തിൽ പങ്കെടുക്കുക.

അതേസമയം, കേസില്‍ ഒരാൾ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ് അറിയിച്ചു. കേസിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. രാവിലെ 10 മണിക്ക് കമ്മീഷണർ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. പ്രതിപ്പട്ടികയിലുള്ള മിക്കവരും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററുമാണ്. നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിന്‍റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെ‍ഡിക്കൽ കോളേജിലേക്ക് മാറ്റും.

click me!