അച്ഛന്റെയും മുത്തശ്ശിയുടേയും കൊലപാതകത്തിൽ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.
പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകത്തിലെ ഇരയായ സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. പ്രഖ്യാപനം ഉണ്ടായെങ്കിലും പണം ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഇക്കഴിഞ്ഞ ജനുവരി 26 ന് ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം പൂർത്തിയായി. ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും. അച്ഛന്റെയും മുത്തശ്ശിയുടേയും കൊലപാതകത്തിൽ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.

