കോൺ​ഗ്രസിൽ കൂടിയാലോചന ഇല്ല; പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്, വിഴുപ്പലക്കലിന് ഇല്ലെന്നും മുരളീധരൻ

By Web TeamFirst Published Sep 28, 2020, 10:10 AM IST
Highlights

പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന ഇല്ല. പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്: കോൺ​ഗ്രസ് പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് കെ മുരളീധരൻ. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

പ്രചാരണ സമിതി അധ്യക്ഷൻ എന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാൻ താല്പര്യമില്ല. ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വേറെ വരും. നിരവധി നേതാക്കൾ കോൺ​ഗ്രസിലുണ്ട്. പാർട്ടിയിൽ പല കാര്യങ്ങളിലും തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട് . എന്നാൽ, ഒരു പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ ഇനി പ്രസക്തിയില്ല. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന ഇല്ല. പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കെപിസിസി  ഭാരവാഹിപ്പട്ടികയിൽ പരാതി അറിയിച്ച് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ,ടി എൻ പ്രതാപൻ, ആൻ്റോ ആൻ്റണി, എം കെ രാഘവൻ  എന്നിവർ ഹൈക്കമാൻഡിന് കത്ത് നൽകി. ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിർവ്വഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതിലാണ് പരാതി.  നൽകിയ പേരുകൾ ഉൾപ്പെടുത്തിയില്ല. വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു. 

click me!