
തിരുവനന്തപുരം/ചെന്നൈ: വിവാദ യൂട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി.
ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ ഗവേഷണബിരുദം നേടിയെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്നതിൻ്റെ ഫോട്ടോ ഇയാൾ പ്രചരിപ്പിച്ചിരുന്നു.
ചെന്നൈയിലെ സാലിഗ്രാമം ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. സർവകലാശാലയുടേതായി തന്ന മേൽവിലാസത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ചെന്നൈ സാലിഗ്രാമം ഭാരതിയാർ സ്ട്രീറ്റിൽ ഇത്തരമൊരു സർവകലാശാല പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമായി.
ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങിനെ ഒരു സര്‍വകലാശാല ഇല്ല. ഈ സ്ഥാപനത്തിൻ്റെ പേരിൽ ഒരു വെബ് സൈറ്റ് മാത്രമാണുള്ളത്. ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി എന്ന ഈ സ്ഥാപനം യുജിസി അംഗീകാരമില്ലാത്ത ഒരു കടലാസ് സർവകലാശാല മാത്രമാണെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.
വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആരോപിച്ചു. ഇയാൾക്കെതിരെ റിഹാബിലിറ്റേഷൻ കൺസിൽ ഓഫ് ഇന്ത്യക്ക് പരാതി കൊടുക്കുമെന്നും അസോസിയേഷനിൽ വിജയൻ നായർ രജിസ്റ്റർ പോലും ചെയ്തിട്ടില്ലെന്നും കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ സതീഷ് നായർ പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തതിനെതിരെയും നടപടി വേണമെന്ന് സോ സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇയാളുടെ മെഡിക്കൽ ബിരുദത്തെക്കുറിച്ച് തമ്പാനൂർ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്ത്രീകളെ ആക്ഷേപിച്ചെന്ന പരാതിയിൽ തമ്പാനൂർ, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ വിജയ് പി നായർക്കെതിരെ കേസുകളുടെ അന്വേഷണം സൈബർ പൊലീസ് ഏറ്റെടുത്താക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നിയമോപദേശം തേടിയിട്ടുണ്ട്. വിജയ് പി നായരുടെ യൂട്യൂബ് ചാനൽ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് യൂട്യൂബിന് കത്ത് നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam